ക്രിക്കറ്റ് ആരാധകരെ ഒന്നാകെ നിരാശയിൽ ആഴ്ത്തി കൊണ്ടാണ് കഴിഞ്ഞ ദിവസം വിരാട് കോലി അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ച് കാലമായി ടെസ്‌റ്റിൽ വിരാട് കോലിക്ക് നല്ല കാലമല്ലെങ്കിലും ശരാശരി പ്രകടനം അപ്പോഴും താരം നടത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം പരമ്പര നടക്കാനിരിക്കെയാണ് കോലിയുടെ അപ്രതീക്ഷിത വിരമിക്കൽ ഉണ്ടായിരിക്കുന്നത്. ഇത് എല്ലാവരിലും ഞെട്ടൽ ഉണ്ടാക്കിയിരുന്നു.
സച്ചിൻ ടെണ്ടുൽക്കർ വിരമിച്ച ശേഷം ഇന്ത്യയുടെ മുൻനിരയിൽ കോലി തന്നെയായിരുന്നു പ്രധാന ബാറ്റർ. നാലാം നമ്പറിലാണ് താരം ബാറ്റ് വീശിയിരുന്നത്. ഒരു ടെസ്‌റ്റ് മത്സരത്തിൽ ബാറ്റ് ചെയ്യുമ്പോൾ ടീമിനെ സംബന്ധിച്ച് ഏറെ നിർണായകമായ പൊസിഷനാണ് നാലാം നമ്പർ. മത്സരത്തിൽ ടീമിന് മേൽക്കൈ നേടിക്കൊടുക്കാൻ ഈ നമ്പറിൽ ബാറ്റ് ചെയ്യുന്ന താരത്തിന് കഴിയും.

കോലിയും സച്ചിനും പൂജാരയും ഉൾപ്പെടെ ഒട്ടേറെ പേർ അക്കാര്യം പലകുറി തെളിയിച്ചതാണ്. അതുകൊണ്ട് തന്നെ കോലിയുടെ വിരമിക്കലിന് പിന്നാലെ ഏറ്റവുമധികം ചർച്ചയാവുന്നത് നാലാം നമ്പറിലെ പകരക്കാരൻ ആരായിരിക്കും എന്നതാണ്. പക്വതയും പാകതയും വന്നൊരു താരത്തെ തന്നെ ഈ സ്ഥാനത്തേക്ക് കൊണ്ട് വരണമെന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം.
എന്നാൽ ഇപ്പോഴിതാ മുൻപ് ഈ പൊസിഷനിൽ ഇന്ത്യക്ക് വേണ്ടി നിരവധി ഇന്നിംഗ്‌സുകളിൽ ബാറ്റ് വീശിയിട്ടുള്ള ചേതേശ്വർ പൂജാര തന്റെ നിലപാട് വ്യക്തമായിരിക്കുകയാണ്. കോലിയുടെ വിരമിക്കലോടെ ഈ പൊസിഷൻ വലിയൊരു ചോദ്യ ചിഹ്നമായി മാറിയെന്നാണ് പൂജാര ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും ഇന്ത്യയ്ക്ക് മുൻപിൽ അതൊരു വെല്ലുവിളിയാവാതിരിക്കാൻ നല്ല പകരക്കാരനെ കണ്ടെത്തണമെന്നാണ് താരം പറയുന്നത്.
നാലാം നമ്പറിൽ ആരാണ് ബാറ്റ് ചെയ്യാൻ അനുയോജ്യൻ എന്ന് കണ്ടെത്താൻ നമുക്ക് രണ്ട് പരമ്പരകളെങ്കിലും ആവശ്യമാണ്, കാരണം അത് ഒരു പ്രധാന സ്ലോട്ട് ആണ്. ഈ പൊസിഷനിൽ ബാറ്റ് ചെയ്യാൻ നിങ്ങൾക്ക് നിങ്ങളുടെ ഏറ്റവും മികച്ച ബാറ്റർ ആവശ്യമാണ്. ഈ സമയത്ത് അവിടേക്ക് ഏറ്റവും അനുയോജ്യനായ കളിക്കാരൻ ആരാണെന്ന് ടീം മാനേജ്മെന്റ് കണ്ടെത്തേണ്ടതുണ്ട്; പൂജാര ഇഎസ്‌പിഎൻ പരിപാടിയിൽ സംസാരിക്കവേ നിലപാട് വ്യക്തമാക്കി.
2015നും 2023നും ഇടയിൽ ഏഴ് ടെസ്‌റ്റുകളിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്‌ത താരം കൂടിയാണ് പൂജാര. ഈ പൊസിഷനിൽ ആളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇന്ത്യ കുറച്ച് സമയം എടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്. 'പ്ലേയിംഗ് ഇലവനിൽ നിരവധി കളിക്കാർ ഇടം നേടുന്നുണ്ട്, ഈ ഘട്ടത്തിൽ ആർക്കും സുരക്ഷിതമായ സ്ഥാനമില്ല. ഇത് കുറച്ച് സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്' പൂജാര പറയുന്നു.
ഇന്ത്യയുടെ അടുത്ത ടെസ്‌റ്റ് ക്യാപ്റ്റനാകാൻ സാധ്യതയുള്ള ഗിൽ ആ സ്ഥാനത്ത് യോജിച്ചയാളാണെന്ന് പൂജാര നിലപാടെടുത്തു. 'ഗിൽ തീർച്ചയായും ഒരു ഓപ്ഷനാണ്. പക്ഷേ അദ്ദേഹം മൂന്നാം സ്ഥാനത്താണ് ബാറ്റ് ചെയ്യുന്നത്. ഗിൽ തന്റെ സ്ഥാനം മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ? നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? നമ്മൾ അത് നോക്കി കാണേണ്ടി വരും' പൂജാര കൂട്ടിച്ചേർത്തു.
നേരത്തെ 2024 തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരായ അവസാന ഹോം ടെസ്‌റ്റ് പരമ്പരയിൽ കോലി കളിച്ചിരുന്നില്ല. അതിനാൽ തന്നെ ഇന്ത്യ നാല് ബാറ്റർമാരെയാണ് അന്ന് പരീക്ഷിച്ചത്. കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, രജത് പട്ടീദർ (രണ്ട് ടെസ്‌റ്റുകളിൽ), ദേവ്ദത്ത് പടിക്കൽ എന്നിവരെയായിരുന്നു അത്. എന്നാൽ ഈ നീക്കം വിജയിച്ചില്ല. വരാനിരിക്കുന്ന പരമ്പരയെ ഇതുകൊണ്ട് തന്നെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ നോക്കി കാണുന്നത്.