അലെക്സ് കറേ
താരബാഹുല്യം കാരണം ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കിയ കളിക്കാരിലൊരാലാണ് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലെക്സ് കറേ. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ക്രിസ് ഗെയ്ല്, മായങ്ക് അഗര്‍വാള്‍ തുടങ്ങിയ മികച്ച ബാറ്റ്സ്മാന്മാര് മുന്‍നിരയിലുള്ളതിനാല്‍ മധ്യനിരയാണ് പഞ്ചാബിന് ശക്തിപ്പെടുത്തേണ്ടത്. കറേയുടെ സാന്നിധ്യം പഞ്ചാബിനെ ഇതിനു സഹായിക്കും. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ താരം സെഞ്ച്വറിയുമായി മിന്നിയിരുന്നു.
അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് ഫ്രാഞ്ചൈസിക്കായി 61 ബോളില്‍ 101 റണ്‍സാണ് കറെ അടിച്ചെടുത്തത്.
ഡിസിക്കായി കഴിഞ്ഞ സീസണില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ കറേയ്ക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. കഴിഞ്ഞ ലേലത്തിലായിരുന്നു 2.4 കോടി രൂപയ്ക്കു താരം ഡിസിയിലെത്തിയത്.
കേദാര്‍ ജാദവ്
പ്രായം വില്ലനാണെങ്കിലും അനുഭവസമ്പത്ത് കൊണ്ട് പഞ്ചാബ് നോട്ടമിടാന്‍ സാധ്യതയുള്ള താരമാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ്. കഴിഞ്ഞ സീസണിലെ മോശം ബാറ്റിങ് പ്രകടനത്തെ തുടര്‍ന്നു സിഎസ്കെ ഒഴിവാക്കിയ ജാദവിനെ അടിസ്ഥാനവിലയ്ക്കു വാങ്ങാനായില് പഞ്ചാബിനു വലിയ നഷ്ടം സംഭവിക്കില്ല. 2018ലെ മെഗാ ലേലത്തില്‍ 7.8 കോടി രൂപയ്ക്കായിരുന്നു ജാദവിനെ സിഎസ്കെ വാങ്ങിയത്. ഇത്രയുമുയര്‍ന്ന മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ കഴിയാത്തത് കാരണമാണ് സിഎസ്കെ അടുത്ത സീസണില്‍ അദ്ദേഹത്തെ നിലനിര്‍ത്തേണ്ടതില്ലെന്നു തീരുമാനിച്ചത്.
ഈ മാസം നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 45 ബോളില്‍ നിന്നും 84 റണ്‍സോടെ ജാദവ് തിളങ്ങിയിരുന്നു. തന്റെ കരിയര്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നു തെളിയിക്കുന്ന പ്രകടനം കൂടിയായിരുന്നു താരത്തിന്റേത്.
സ്റ്റീവ് സ്മിത്ത്
ഓസ്ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്സ്മാനും കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്താണ് ലേലത്തില്‍ പഞ്ചാബ് ലക്ഷ്യം വയ്ക്കാനിടയുള്ള മറ്റൊരു താരം. വരാനിരിക്കുന്ന ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാനിടയുള്ള താരം സ്മിത്ത് തന്നെയായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ വന്‍ തുക തന്നെ അദ്ദേഹത്തിനായി പഞ്ചാബിനു ചെലവഴിക്കേണ്ടി വന്നേക്കും. പഞ്ചാബിനെക്കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ അടക്കമുള്ള ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ സ്മിത്തിനായി രംഗത്തിനിറങ്ങാനിടയുണ്ട്.
കഴിഞ്ഞ സീസണില്‍ ബാറ്റ്സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പ്രതീക്ഷയ്ക്കൊത്തുയര്ന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടയാണ് സ്മിത്തിനെ രാജസ്ഥാന് കൈവിട്ടത്. എങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ക്രീസില്‍ നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ബാറ്റ്സ്മാന് കൂടിയായ സ്മിത്ത് അസാധാരണമായ ഷോട്ടുകള്‍ കളിച്ചും ബൗളര്‍മാരുടെ താളം തെറ്റിക്കും.