ആരാണ് താഖി റാസ? കുംബ്ലെ, അജാസ് പട്ടേല്‍ എന്നിവരുടെ 10 വിക്കറ്റ് പ്രകടനവുമായി എന്ത് ബന്ധം?

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പ 1-0ന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ റെക്കോഡ് ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്താനും ഇന്ത്യക്കായി. മുംബൈയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ജയിച്ചത് ഇന്ത്യയാണെങ്കിലും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത് ന്യൂസീലന്‍ഡിന്റെ ഇടം കൈയന്‍ സ്പിന്നര്‍ അജാസ് പട്ടേലാണ്.

ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റും നേടുകയെന്ന അപൂര്‍വ്വ നേട്ടമാണ് അജാസ് പട്ടേല്‍ നേടിയത്. അതും വിരാട് കോലി,ചേതേശ്വര്‍ പുജാര തുടങ്ങിയ ഇന്ത്യയുടെ വലിയ താരനിരയ്‌ക്കെതിരേ. ഇതിന് മുമ്പ് രണ്ട് പേര്‍ക്ക് മാത്രം സാധിച്ചിട്ടുള്ള കാര്യമാണ് അജാസ് നേടിയത്. ഇന്ത്യന്‍ വംശജനായ അജാസ് മുംബൈയിലാണ് ജനിച്ചത്. എട്ടാം വയസിലാണ് അദ്ദേഹം ന്യൂസീലന്‍ഡിലേക്ക് കുടുംബത്തോടൊപ്പം കുടിയേറിയത്.

നേരത്തെ മുംബൈ ഇന്ത്യന്‍സിനൊപ്പം നെറ്റ് ബൗളറായി പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് മുതലാക്കി 10 വിക്കറ്റ് നേടാന്‍ അജാസ് പട്ടേലിനായി. ഇതിന് മുമ്പ് ഇന്ത്യയുടെ അനില്‍ കുംബ്ലെയാണ് 10 വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ളത്. മൂന്നാമനായി അജാസ് പട്ടേലും ഈ പട്ടികയിലേക്കെത്തുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയുണ്ട്. താഖി റാസയെന്നാണ് അദ്ദേഹത്തിന്റെ പേര്. കുംബ്ലെയുടെയും അജാസ് പട്ടേലിന്റെയും 10 വിക്കറ്റ് നേട്ടം ക്യാമക്കണ്ണിലൂടെ ലോകത്തെ കാട്ടിക്കൊടുത്തത് റാസയാണ്.

അപൂര്‍വ്വമായി സംഭവിക്കുന്ന രണ്ട് ചരിത്ര നിമിഷത്തെയും ക്യാമറക്കണ്ണിലൂടെ കാട്ടിക്കൊടുക്കാന്‍ ഭാഗ്യം ലഭിച്ച ക്യാമറാമാനാണ് താഖി റാസ. ഇപ്പോള്‍ രണ്ട് അപൂര്‍വ്വ നിമിഷങ്ങളും ക്യാമറയില്‍ പകര്‍ത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. 'എന്റെ വികാരത്തെ കാട്ടാനാവുന്നില്ലെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഞാന്‍ വികാരഭരിതനായാല്‍ മൈതാനത്തില്‍ നടക്കുന്നത് ലോകത്തിന് കാണാനാവില്ല. എട്ട് വിക്കറ്റുകള്‍ അജാസ് പട്ടേല്‍ വീഴ്ത്തിയപ്പോള്‍ ഞാന്‍ മനസില്‍ ചിന്തിച്ചിരുന്നു വീണ്ടുമൊരു ചരിത്ര നിമിഷം കാണാന്‍ എനിക്ക് ഭാഗ്യം ലഭിക്കുകയാണോയെന്ന്.

അനില്‍ കുംബ്ലെയുടെയും അജാസ് പട്ടേലിന്റെയും 10 വിക്കറ്റ് പ്രകടനം ക്യാമറയില്‍ പകര്‍ത്താന്‍ സാധിച്ച അപൂര്‍വ്വ വ്യക്തികളിലൊരാളാണ് ഞാന്‍. ഒരാളിലേക്കും ശ്രദ്ധ മാറ്റാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല. കാരണം ഞങ്ങളുടെ ജോലിയില്‍ ശ്രദ്ധ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ എന്റെ വികാരങ്ങളെ ഉള്ളില്‍ത്തന്നെ ഒതുക്കേണ്ടി വരുന്നു'-ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ റാസ പറഞ്ഞു.

മുംബൈയില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിലാണ് അജാസ് 10 വിക്കറ്റ് നേട്ടത്തിലെത്തിയത്. 47.5 ഓവര്‍ പന്തെറിഞ്ഞ് 12 മെയ്ഡനടക്കം 119 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം 10 വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും നേടാന്‍ അജാസിനായി. ഇന്ത്യ ഏഴ് വിക്കറ്റിന് ഡിക്ലയര്‍ ചെയ്തില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും അജാസിന് സാധിക്കുമായിരുന്നു.

1999ല്‍ പാകിസ്താനെതിരെയായിരുന്നു അനില്‍ കുംബ്ലെയുടെ 10 വിക്കറ്റ് പ്രകടനം.ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സിലാണ് അനില്‍ കുംബ്ലെയുടെ 10 വിക്കറ്റ് പ്രകടനം. 26.3 ഓവറില്‍ 74 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുംബ്ലെക്ക് ഈ ചരിത്ര നേട്ടം സ്വന്തമാക്കാനായത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് പ്രകടനവും കുംബ്ലെ നടത്തിയിരുന്നു. കുംബ്ലെയും അജാസും 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ 14 വിക്കറ്റ് വീതമാണ് വീഴ്ത്തിയതെന്നതാണ് കൗതുകകരമായ കാര്യം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, December 7, 2021, 15:00 [IST]
Other articles published on Dec 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X