ഗില്ലി, ധോണി, പന്ത്- 16 ടെസ്റ്റുകളില്‍ ആരാണ് ബെസ്റ്റ്? ധോണിക്കും മുകളില്‍ പന്ത്!

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നേരത്തേ പന്തിനെ തള്ളിപ്പറഞ്ഞവരെല്ലാം ഇപ്പോള്‍ പ്രശംസ കൊണ്ടു മൂടുകയാണ്. ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലെ മാച്ച് വിന്നിങ് ഇന്നിങ്‌സ് മാത്രം മതി പന്തിന്റെ പ്രതിഭയറിയാനെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ദുഷ്‌കരമായ റണ്‍ചേസില്‍ പുറത്താവാതെ 89 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയ പന്ത് കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പറുടെ റോളിനേക്കാള്‍ ബാറ്റ്‌സ്മാനെന്ന റോളില്‍ ടീമിനു തന്നെ പ്രയോജപ്പെടുമെന്നു തെളിയിക്കുന്നതായിരുന്നു പന്തിന്റെ പ്രകടനം.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന അണ്ടര്‍ 19 ലോകകപ്പിലെ വെടിക്കെട്ട് പ്രകടനത്തോടെ അടുത്ത ആദം ഗില്‍ക്രിസ്‌റ്റെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമായിരുന്നു പന്ത്.പിന്നീട് സീനിയര്‍ ടീമിലെത്തിയതോടെ ഇതിഹാസ താരം എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന വിശേഷണവും അദ്ദേഹത്തിനു ലഭിച്ചു. എന്നാല്‍ വിക്കറ്റ് കീപ്പിങിലെ വീക്ക്‌നെസുകളും ബാറ്റിങിലെ സ്ഥിരതയില്ലായ്മയും പന്തിന്റെ പ്രതിഭ ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കിയിരുന്നു. ഇപ്പോള്‍ ഓസീസിനെതിരായ പരമ്പരയിലെ പ്രകടനത്തോടെ തന്റെ കഴിവ് ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ് പന്ത്.

ധോണിയേക്കാള്‍ മുകളില്‍

ധോണിയേക്കാള്‍ മുകളില്‍

കരിയറിലെ ആദ്യത്തെ 16 ടെസ്റ്റുകളില്‍ പന്തിന്റെയും ധോണി, ഗില്‍ക്രിസ്റ്റ് എന്നിവരുടെയും പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ ധോണിക്കും മുകളിലാണ് പന്തെന്നു നമുക്ക് നിസംശയം പറയാം. പന്ത് ആകെ കളിച്ച 16 ടെസ്റ്റുകളില്‍ 14ലും വിദേശത്തായിരുന്നു.

27 ഇന്നിങ്‌സുകളില്‍ നിന്നും 1,088 റണ്‍സ് പന്ത് ഇതിനകം നേടിക്കഴിഞ്ഞു. ഇത്രയും ടെസ്റ്റകള്‍ക്കു ശേഷം ഗില്ലിക്ക് (23 ഇന്നിങ്‌സ്) 992 റണ്‍സും ധോണിക്ക് (26 ഇന്നിങ്‌സ്) 759ഉം റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്.

ശരാശരിയിലേക്കു വന്നാല്‍ ഗില്ലിയാണ് (52.21) ഒന്നാമന്‍. പന്ത് (43.52), ധോണി (31.62) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഗില്ലിയും പന്തും രണ്ടു വീതം സെഞ്ച്വറികള്‍ നേടിയപ്പോള്‍ ധോണി നേടിയത് ഒരെണ്ണം മാത്രം. ഗില്ലി ഏഴു ഫിഫ്റ്റികളും പന്ത് നാലു ഫിഫ്റ്റികളും നേടി. ധോണിക്കു നേടാനായത് മൂന്നെണ്ണമാണ്. ഇനി പുറത്താക്കലുകള്‍ നോക്കിയാല്‍ ഗില്ലിയാണ് (72) ഒന്നാമന്‍. പന്ത് (69), ധോണി (52) രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

മൂന്നു പേരുടെയും പ്രകടനം

മൂന്നു പേരുടെയും പ്രകടനം

28ാം വയസ്സിലായിരുന്നു ഗില്ലിയുടെ ടെസ്റ്റ് അരങ്ങേറ്റം. 16 മാസങ്ങള്‍ കൊണ്ട് കരിയറിലെ 16 ടെസ്റ്റുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. കരിയറിലെ രണ്ടാം ടെസ്റ്റില്‍ പാകിസ്താനെതിരേ പുറത്താവാതെ 149 റണ്‍സോടെ ഗില്ലി കസറി. രണ്ടാം സെഞ്ച്വറി 2001ല്‍ ഇന്ത്യക്കെതിരേ മുംബൈയിലായിരുന്നു. 112 ബോളില്‍ 122 റണ്‍സായിരുന്നു അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഗില്ലിയുടെ 16ാം ടെസ്റ്റും ഇന്ത്യക്കെതിരേയായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ അവിശ്വസനീയ ജയവും കൊയ്തിരുന്നു.

ധോണി ടെസ്റ്റില്‍ അരങ്ങേറിയത് 24ാം വയസ്സിലായിരുന്നു. 17 മാസങ്ങളെടുത്താണ് അദ്ദേഹം കരിയറിലെ 16 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയത്. പാകിസ്താനെതിരേ നേടിയ 148 റണ്‍സായിരുന്നു ആദ്യത്തെ 16 ടെസ്റ്റില്‍ ധോണിയുടെ മികച്ച ഇന്നിങ്‌സ്.

റിഷഭ് പന്തിന്റെ കാര്യമെടുത്താല്‍ 20ാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരേ നോട്ടിങ്ഹാമിലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. അഞ്ചു മാസത്തിനിടെ ഏഴു ടെസ്റ്റുകള്‍ കളിച്ച പന്ത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ സെഞ്ച്വറിയും കുറിച്ചു. എന്നിട്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പന്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ലായിരുന്നു. അതുകൊണ്ടു തന്നെ 16 ടെസ്റ്റുകള്‍ കളിക്കാന്‍ 29 മാസങ്ങള്‍ താരത്തിനു വേണ്ടിവന്നു.

സ്മിത്ത് പോലും പിന്നില്‍

സ്മിത്ത് പോലും പിന്നില്‍

2018 ഡിസംബറിനു ശേഷം ടെസ്റ്റില്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം പരിശോധിച്ചാല്‍ ഓസീസ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനേക്കാള്‍ മുകളിലാണ് പന്തിന്റെ സ്ഥാനം. ഏഴു ടെസ്റ്റുകളില്‍ നിന്നും 624 റണ്‍സാണ് ഈ കാലയളവില്‍ പന്ത് വാരിക്കൂട്ടിയത്. കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് ക്രിക്കറ്ററായി ഐസിസി തിരഞ്ഞെടുത്ത സ്മിത്തിന് ഒമ്പത് ടെസ്റ്റുകളില്‍ നേടാനായത് 567 റണ്‍സ് മാത്രമായിരുന്നു. ഇന്ത്യയുടെ അജിങ്ക്യ രഹാനെയാണ് (എട്ട് ടെസ്റ്റ്, 485 റണ്‍സ്) ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം.

ഗില്‍ക്രിസ്റ്റ്, ധോണി എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രായം പന്തിന് പ്ലസ് പോയിന്റാണ്. 21 വയസ്സിനുള്ളില്‍ രണ്ടു ടെസ്റ്റ് സെഞ്ച്വറികളുമായി പന്ത് തിളങ്ങി നില്‍ക്കുമ്പോള്‍ ഈ പ്രായത്തില്‍ ഗില്ലിയും ധോണിയും ടെസ്റ്റില്‍ അരങ്ങേറ്റം പോലും നടത്തിയിട്ടില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ പേസ് ബൗളിങിനെതിരേ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള താരമെന്ന റെക്കോര്‍ഡും പന്തിനു അവകാശപ്പെട്ടതാണ്. ടെസ്റ്റില്‍ അരങ്ങേറിയതു മുതല്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ 146 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ കവാജ (131), ജോ ബേണ്‍സ് (91) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, January 23, 2021, 18:53 [IST]
Other articles published on Jan 23, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X