മുംബൈ: എം എസ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കുകയോ. അങ്ങനെ ഒരു കാര്യം ചിന്തിക്കുക പോലും വേണ്ട. ഏഷ്യാ കപ്പില്‍ ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതല്ല. പരിക്ക് മൂലം ധോണി ടീമില്‍ നിന്നും പിന്മാറിയതാണ് - എം എസ് ധോണിയുടെ കടുത്ത ആരാധകര്‍ വിശദീകരണം തുടങ്ങിക്കഴിഞ്ഞു.
ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും ദയനീയമായി തോറ്റ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ധോണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടവരില്‍ പ്രധാനി മൊഹിന്ദര്‍ അമര്‍നാഥാണ്. ക്രിക്കറ്റ് മേലാളന്മാരുടെ ഗുഡ്ബുക്കില്‍ അത്ര നല്ല സ്ഥാനമൊന്നും ഉള്ളയാളല്ല ജിമ്മി എന്ന് വിളിപ്പേരുള്ള മൊഹിന്ദര്‍. ധോണിയുടെ ക്യാപ്റ്റന്‍സി അസഹ്യമെന്ന് പറഞ്ഞവരില്‍ മറ്റൊരാള്‍ ഗാംഗുലിയാണ്. എന്നാല്‍ വരുന്ന ലോകകപ്പ് വരെ ധോണിയെ പുറത്താകരുതെന്നാണ് ദാദയുടെ പക്ഷം.

ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കി എന്ന വാര്‍ത്ത ആരാധകര്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്. പിന്നെയാണ് പരിക്ക് മൂലമാണ് ഒഴിവാക്കല്‍ എന്ന വിശദീകരണം വന്നത്. പക്ഷേ പരിക്കാണോ ശരിക്കുള്ള വില്ലന്‍. 2004ല്‍ അരങ്ങേറ്റ മത്സരം കളിച്ചതിന് ശേഷം വളരെ കുറച്ച് കളികള്‍ മാത്രം പരിക്കുമൂലം നഷ്ടമായിട്ടുള്ള കളിക്കാരനാണ് ധോണി. ഏഷ്യാ കപ്പില്‍ കോലിയുടെ ക്യാപ്റ്റന്‍സി പരീക്ഷിക്കാനായി ഒരു അവസരം ഒരുക്കിയതാണോ സെലക്ടര്‍മാര്‍, ആയിക്കൂടായ്കയില്ല.
ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രമല്ല, ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകന്‍ എന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടപ്പെട്ടയാളാണ് ധോണി. എന്ത് വില കൊടുത്തും ശ്രീനിവാസന്‍ ധോണിയെ ക്യാപ്റ്റന്‍സിയില്‍ നിലനിര്‍ത്തുക തന്നെ ചെയ്യും. ചീനുവിനെ മറികടക്കാനുള്ള സെലക്ടമാര്‍ ഇന്ത്യയ്ക്ക് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു എന്നതാണ് സത്യം.
എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ധോണി സ്വയമേ വിട്ടുനില്‍ക്കാനിടയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പരകള്‍. ന്യൂസിലന്‍ഡില്‍ സ്ഥിതി ഇതാണെങ്കില്‍ ഓസ്‌ട്രേലിയയില്‍ എന്താവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ പരമ്പരകള്‍ക്ക് മുമ്പേ ധോണി ക്യാപ്റ്റന്‍ സ്ഥാനം വിട്ടേക്കുമെന്ന് സൂചനയുണ്ട്. മൂന്ന് ഫോര്‍മാറ്റുകളും കളിക്കുന്ന കാര്യം സംശയമാണ് എന്ന് ധോണി തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്.