
ചെന്നൈ സൂപ്പര്‍ കിങ്‌സ് (5/10)
വിലക്ക് കഴിഞ്ഞ് ടൂര്‍ണമെന്റിലേക്ക് തിരിച്ചവരുന്ന മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന് 10ല്‍ അഞ്ച് മാര്‍ക്ക് നല്‍കാം. നേരത്തേ ലേലത്തില്‍ ഏറ്റവും മികച്ചവരെ തന്നെ കണ്ടെത്തി ടീമിലെത്തിച്ചിരുന്ന ചെന്നൈക്ക് ഈ ലേലത്തില്‍ പഴയ മിടുക്ക് ആവര്‍ക്കിക്കാനായിട്ടില്ല. ടി20യില്‍ അത്രയൊന്നും ചുറുചുറുക്കില്ലാത്ത അമ്പാട്ടി റായുഡു, കേദാര്‍ ജാദവ് എന്നിവരെ ഇത്തവണ വാങ്ങാനുള്ള ചെന്നൈയുടെ തീരുമാനം തിരിച്ചടിയായേക്കും.
മാത്രമല്ല കരിയറിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുന്ന ഷെയ്ന്‍ വാട്‌സന്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയ വെറ്ററന്‍ താരങ്ങളെു ചെന്നൈ ലേലത്തില്‍ വാങ്ങി. ഇരുവരുടെയും ഫിറ്റ്‌നസ് തീര്‍ച്ചയായും ടീമിന് ആശങ്കയായേക്കും. റായുഡുവിനും ജാദവിനും ബാറ്റിങില്‍ തിളങ്ങാനായാല്‍ ചെന്നൈക്കു പ്രതീക്ഷയുണ്ട്. എന്നാല്‍ ഇരുവരും മികച്ച ഫീല്‍ഡര്‍മാര്‍ അല്ലാത്തതിനാല്‍ റണ്‍സ് വിട്ടുകൊടുക്കാനുള്ള സാധ്യത കൂടുതലാണ്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (6/10)
ലേലത്തില്‍ ഇത്തവണ നേട്ടമുണ്ടാക്കിയ ടീമുകളിലൊന്നാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. ഏതെങ്കിലുമൊരു താരത്തിനു വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാതെ വളരെ ശ്രദ്ധിച്ചാണ് ഡല്‍ഹി താരങ്ങളെ വാങ്ങിയത്. ഒമ്പതു കോടി വിലയുള്ള ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഡല്‍ഹിയുടെ ഏറ്റവും വിലപിടിപ്പുള്ള താരം. കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സിനെ രണ്ടു കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെയും തിരിച്ചുകൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞു.
മധ്യനിര ബാറ്റിങാണ് ഡല്‍ഹിയുടെ ഏക പോരായ്മ. റിഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും പോലെയുള്ള യുവതാരങ്ങളെ ടീമിന് കൂടുതല്‍ ആശ്രയിക്കേണ്ടിവരും. ഇവര്‍ നിരാശപ്പെടുത്തിയാല്‍ ഡല്‍ഹിയുടെ മുന്നോട്ടുള്ള കുതിപ്പ് ദുഷ്‌കരമാവും.

മുംബൈ ഇന്ത്യന്‍സ് (6/10)
നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിന് ശക്തമായ ബൗളിങ് നിരയാണുള്ളത്. മുസ്തഫിസുര്‍ റഹ്മാന്‍, പാറ്റ് കമ്മിന്‍സ്, ജസ്പ്രീത് ബുംറ തുടങ്ങിയ അപകടകാരികളായ പേസര്‍ മുംബൈക്കുണ്ട്. എന്നാല്‍ അവരുടെ ബാറ്റിങ് കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര മികച്ചതല്ല.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മുംബൈക്ക് അമിതമായി ആശ്രയിക്കേണ്ടിവരും. കിരോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ബാറ്റിങില്‍ ഫോമിലേക്കെത്തിയെങ്കില്‍ മുംബൈക്കു വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരും.

രാജസ്ഥാന്‍ റോയല്‍സ് (1/10)
ഇത്തവണ ലേലത്തില്‍ വന്‍ പരാജയമായ ഏക ടീം രാജസ്ഥാന്‍ റോയല്‍സാണ്. ലേലത്തിലെ ഏറ്റവും വില കൂടിയ രണ്ടു താരങ്ങളെയും (ബെന്‍ സ്‌റ്റോക്‌സ് 12.5 കോടി, ജയദേവ് ഉനാട്കട്ട് 11.5) വാങ്ങിയത് രാജസ്ഥാനാണ്.
ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായ രാജസ്ഥാനെ സംബന്ധിച്ചിടത്തോളം ബാറ്റിങില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. സ്മിത്തിനെ കൂടാതെ അജിങ്ക്യ രഹാനെ, രാഹുല്‍ ത്രിപാഠി, മലയാളി താരം സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, സ്‌റ്റോക്‌സ് എന്നിവരടങ്ങിയ മികച്ച ബാറ്റിങ് നിരയുണ്ട്.
എന്നാല്‍ വന്‍ തുകയ്ക്ക് സ്വന്തമാക്കിയ ഉനാട്കട്ടിന് തന്റെ മൂല്യത്തിനൊത്ത പ്രകടനം നടത്താനാവുമോയെന്നത് സംശയകരമാണ്. എതിരാളികളെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കുന്നതിനേക്കാള്‍ റണ്‍സ് പിന്തുടര്‍ന്നു ജയിക്കാനാവും സ്മിത്തും സംഘവും ശ്രമിക്കുക.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (8/10)
ബാറ്റിങിലും ബൗളിങിലും സന്തുലിതമായ ടീമാണ് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍ എന്നീ രണ്ടു വെടിക്കെട്ട് താരങ്ങളായിരിക്കും ടീമിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കുക. ദിനേഷ് കാര്‍ത്തിക്, ആന്ദ്രെ റസ്സല്‍, കുല്‍ദീപ് യാദവ്, സുനില്‍ നരെയ്ന്‍, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരും ടീമിനു മുതല്‍ക്കൂട്ടാവും.
എന്നാല്‍ മുന്‍ നായകന്‍ ഗൗതം ഗംഭീറിനെപ്പോലൊരു മികച്ചൊരു ക്യാപ്റ്റന്റെ അഭാവം കൊല്‍ക്കത്തയെ വലയ്ക്കും. ഉത്തപ്പയായിരിക്കും പുതിയ സീസണില്‍ ടീമിനെ നയിക്കുകയെന്നാണ് സൂചന.

കിങ്‌സ് ഇലവന്‍ പഞ്ചാബ് (8/10)
ലേലത്തില്‍ ഇത്തവണ വളരെ ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തിയ ടീമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ലോകേഷ് രാഹുലും ആരോണ്‍ ഫിഞ്ചുമടങ്ങിയ ശക്തമായ ഓപ്പണിങ് നിരയാണ് പഞ്ചാബിനുള്ളത്. വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിനെ ആദ്യത്തെ ചില മല്‍സരങ്ങളില്‍ പഞ്ചാബ് പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. ഗെയ്‌ലിനു താളം വീണ്ടെടുക്കാനായാല്‍ പഞ്ചാബിന് കിരീടം സ്വപ്‌നം കാണാം.
ഡേവിഡ് മില്ലര്‍, മാര്‍ക്ക് സ്റ്റോണിസ് എന്നീ മികച്ച ഫിനിഷര്‍മാരും പഞ്ചാബ് നിരയിലുണ്ട്. കൂടാതെ പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിന്‍റെ സാന്നിധ്യവും പഞ്ചാബിനെ അപകടകാരികളാക്കും. അനുഭവസമ്പത്തുള്ള പേസര്‍മാര്‍ ഇല്ലെന്നത് മാത്രമാണ് പഞ്ചാബിന്റെ ഏക പോരായ്മ.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (9/10)
ഐപിഎല്ലിന്റെ മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ബൗളിങിനും മൂര്‍ച്ച കൂട്ടിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വരുന്നത്. പേസ് വിഭാഗം ഉമേഷ് യാദവും നതാന്‍ കോള്‍ട്ടര്‍ നൈലും കൈകാര്യം ചെയ്യുമ്പോള്‍ യുസ്‌വേന്ദ്ര ചഹാലും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക.
ബാറ്റിങില്‍ ക്യാപ്റ്റന്‍ വിരാട് കോലി, ക്വിന്റണ്‍ ഡികോക്ക്, എബി ഡിവില്ലിയേഴ്‌സ്, ബ്രെന്‍ഡന്‍ മക്കുല്ലം എന്നിവര്‍ കൂടി കസറിയാല്‍ കന്നിക്കിരീടം ബാംഗ്ലൂരിനെ തേടിയെത്തും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (9/10)
ബാംഗ്ലൂരിനെ കൂടാതെ ഐപിഎല്‍ ലേലത്തില്‍ കാര്യമായ നേട്ടമുണ്ടാക്കിയ മറ്റൊരു ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ചേര്‍ന്ന് ടീമിന് മികച്ച തുടക്കം നല്‍കിയാല്‍ തൊട്ടുപിറകെ മനീഷ് പാണ്ഡെ, ഷാക്വിബുല്‍ ഹസന്‍, വൃധിമാന്‍ സാഹ എന്നിവരുമുണ്ട്.
ഭുവനേശ്വര്‍ കുമാറിനെക്കൂടാതെ സന്ദീപ് ശര്‍മ, അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ എന്നിവര്‍ ബൗളിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ശേഷിയുള്ളവരാണ്.


Click it and Unblock the Notifications