ഐപിഎല്ലിന്റെ പുതിയ സീസണില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന ടീം ഏതായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. രോഹിത് ശര്‍മ നയിക്കുന്ന നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് സിഎസ്കെ ഏറ്റവുമധികം ഭയക്കേണ്ടതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഈ സീസണിലെ ഉദ്ഘാടന മല്‍സരം സിഎസ്കെയും മുംബൈയും തമ്മിലാണ്.
ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വൈരികളായി സിഎസ്കെയും മുംബൈയും മാറിക്കഴിഞ്ഞു. 2010 മുതല്‍ നാലു തവണയാണ് ഇരുടീമുകളും ഐപിഎല്‍ ഫൈനലില്‍ കൊമ്പുകോര്‍ത്തത്. ഇവയില്‍ മൂന്നു തവണയും ജയം മുംബൈയ്ക്കായിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലില്‍ സിഎസ്കെയെ ഒരു റണ്ണിന് തോല്‍പ്പിച്ചായിരുന്നു മുംബൈയുടെ നാലാം കിരീടം.
ഐപിഎല്ലില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകള്‍ നോക്കിയാലും മുംബൈയാണ് മുന്നില്‍. 28 തവണ സിഎസ്കെയും മുംബൈയു മുഖാമുഖം വന്നപ്പോള്‍ 17 എണ്ണത്തില്‍ ജയം മുംബൈയ്ക്കായിരുന്നു.
സിഎസ്കെയ്ക്കു നേരിടുന്ന ഏറ്റവും വലിയ ഭീഷണി മുംബൈ ഇന്ത്യന്‍സില്‍ നിന്നായിരിരിക്കും. ഐപിഎല്ലിന്റെ ചരിത്രം നോക്കിയാല്‍ സിഎസ്കെയ്ക്കു തങ്ങളുടെ മാജിക്ക് പുറത്തെടുക്കാന്‍ കഴിയാതിരുന്നത് മുംബൈയ്ക്കെതിരേ മാത്രമാണ്. അവര്‍ക്കെതിരേ സിഎസ്കെയ്ക്കു പലപ്പോഴും പിഴച്ചതായി ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
യുഎഇയിലെ കാലാവസ്ഥ വളരെ ചൂടേറിയതായിരിക്കും. അതാണ് അവിടെ സിഎസ്കെയെ കാത്തിരിക്കുന്ന മറ്റൊരു പ്രധാന ഭീഷണി. ഈ കാലാവസ്ഥയിലാണ് സിഎസ്കെയ്ക്കു തുടക്കത്തില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കേണ്ടത്. സിഎസ്കെ സ്ക്വാഡ് വളരെ ടൈറ്റാണ്. അതുകൊണ്ടു തന്നെ ഒരുപാട് വ്യത്യസ്ത ലൈനപ്പുകളൊന്നും പരീക്ഷിക്കാന്‍ കഴിയില്ല. 15-16 താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ സിഎസ്കെയില്‍ മറ്റു മാച്ച് വിന്നര്മാരുമില്ലെന്നും ചോപ്ര വിശദമാക്കി.