ഐപിഎല്‍: കോലിയല്ലെങ്കില്‍ ആര്? ആര്‍സിബി നായകസ്ഥാനത്തേക്ക് മറ്റൊരാള്‍... സാധ്യത ഇവരിലൊരാള്‍ക്ക്
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മറ്റൊരു നിരാശാജനകമായ സീസണ്‍ കൂടി അവസാനിച്ചിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി നാണം കെട്ടാണ് വിരാട് കോലിയും ഐപിഎല്ലിനോടു ഗുഡ്‌ബൈ പറഞ്ഞത്. ഈ സീസണില്‍ കൂടുതല്‍ ശക്തമായ, സന്തുലമായ ടീമാണ് ഉള്ളതെന്ന അവകാശവാദവുമായെത്തിയ ആര്‍സിബിക്ക് പക്ഷെ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. നായകന്‍ കോലിയെയും ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സിനെയും മാറ്റി നിര്‍ത്തിയാല്‍ ബാറ്റിങ് നിരയില്‍ മറ്റാരും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല.
ടീമിന്റെ ദയനീയ പ്രകടനത്തിന്റെ പേരില്‍ കോലി ഒരിക്കല്‍ക്കൂടി ക്രൂശിക്കപ്പെട്ട സീസണ്‍ കൂടിയായിരുന്നു ഇത്. കഴിഞ്ഞ എട്ടു സീസണുകളിലും കോലിക്കു കീഴില്‍ കിരീടം നേടാന്‍ ആര്‍സിബിക്കായിട്ടില്ല. അടുത്ത സീസണില്‍ കോലി നായകസ്ഥാനത്തു നിന്നൊഴിയുകയോ പുറത്താക്കുകയോ ചെയ്താല്‍ പകരമെത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

മോയിന്‍ അലി
ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഓള്‍റൗണ്ടറായ മോയിന്‍ അലി ടീമിനെ നയിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ്. ഈ സീസണിലെ തുടക്കത്തിലെ മല്‍സരങ്ങളില്‍ ഫ്‌ളോപ്പായെങ്കിലും പിന്നീടുള്ള കളികളലില്‍ അലി താളം വീണ്ടെടുത്തിരുന്നു. നേരത്തേ 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിനെ അദ്ദേഹം നയിച്ചിട്ടുണ്ട്. കൗണ്ടി ക്രിക്കറ്റില്‍ വോര്‍സെസ്റ്റര്‍ഷെയറിന്റെയു നായകനായിരുന്നു അലി. അന്താരാഷ്ട്ര ക്രിക്കറ്റിലെ അനുഭവസമ്പത്ത് ക്യാപ്റ്റനെന്ന നിലയില്‍ താരത്തിനു മുതല്‍ക്കൂട്ടാവും.

പാര്‍ഥീവ് പട്ടേല്‍
വിക്കറ്റ് കീപ്പറും ഓപ്പണറുമായ പാര്‍ഥീവ് പട്ടേലാണ് നായകസ്ഥാനത്തേക്കു വരാനിടയുള്ള മറ്റൊരു താരം. ഈ സീസണില്‍ ആര്‍സിബിക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത അദ്ദേഹം മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. 26.64 ശരാശരിയില്‍ 373 റണ്‍സാണ് പാര്‍ഥീവ് നേടിയത്.
ഐപിഎല്ലില്‍ ആറു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുള്ള ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. രണ്ടു തവണ കിരീടവിജയത്തിനൊപ്പം പങ്കാളിയാവാനും താരത്തിനു കഴിഞ്ഞു. 17 വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള പാര്‍ഥീവിന്റെ അനുഭവസമ്പത്ത് ക്യാപ്റ്റന്‍സിയിലും പ്ലസ് പോയിന്റായി മാറും.

എബി ഡിവില്ലിയേഴ്‌സ്
ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ കൂടിയായ എബി ഡിവില്ലിയേഴ്‌സ് മികച്ച നേതൃഗുണമുള്ള താരമാണ്. കോലിക്കു പകരം ആര്‍സിബിക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച ക്യാപ്റ്റനും എബിഡി തന്നെയായിരിക്കും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഐപിഎല്ലുള്‍പ്പെടെയുള്ള വിവിധ ടി20 ചാംപ്യന്‍ഷിപ്പുകളില്‍ സജീവമായിരുന്നു എബിഡി.
ആര്‍സിബിയില്‍ കോലിയടക്കം പ്രമുഖ താരങ്ങളുമായെല്ലാം അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്. ഇത് വളരെ എളുപ്പത്തില്‍ തന്നെ ടീമിനെ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ എബിഡിയെ സഹായിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications