For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി ഇന്ത്യക്കായി ഇറങ്ങിയ ആദ്യ മത്സരം ഏതാണ്? അധികമാര്‍ക്കും അറിയാത്ത സംഭവമിതാ

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന് ആരാണ് സൗരവ് ഗാംഗുലിയെന്ന് ചോദിച്ചാല്‍ എല്ലാമെന്നാണ് ഉത്തരം. കൊല്‍ക്കത്തയുടെ രാജവംശത്തില്‍ നിന്ന് ക്രിക്കറ്റിന്റെ ആവേശച്ചൂളയിലേക്ക് കാലെടുത്ത് വെച്ച് ഗാംഗുലി നടന്നവഴികളിലെല്ലാം ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകള്‍ ബാക്കിയായി. ഏത് മൈതാനത്തും ഏത് വമ്പനോടും ഇന്ത്യയെ പോരാടിക്കാന്‍ പഠിപ്പിച്ചത് ഗാംഗുലിയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗാംഗുലിയേക്കാള്‍ പ്രതിഭാശാലികള്‍ മുമ്പും പിമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ദാദയെന്ന വിശേഷണം ആരാധകര്‍ ചാര്‍ത്തി നല്‍കിയത് ഗാംഗുലിക്ക് മാത്രമാണ്.

ഇടം കൈ ഷോട്ടുകളുടെ മനോഹാരിതകൊണ്ട് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച ഗാംഗുലി നിലവില്‍ ബിസിസി ഐ പ്രസിഡന്റെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിന് സേവനം ചെയ്യുകയാണ്. ഗാംഗുലിയുടെ കരിയര്‍ പലര്‍ക്കും മനപ്പാഠമാണെങ്കിലും ഗാംഗുലി ഇന്ത്യക്കായി മൈതാനത്തിറങ്ങിയ ആദ്യത്തെ മത്സരമേതാണെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ഗാംഗുലിയുടെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റ മത്സരം 1992 ജനുവരി 11നായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് ഗാംഗുലി വരവറിയിച്ചത്. 1996 ജൂണ്‍ 20ന് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ച ഗാംഗുലി 2008ലെ പ്രഥമ ഐപിഎല്ലിന്റെയും ഭാഗമായിരുന്നു.

ganguly

എന്നാല്‍ 1991ല്‍ത്തന്നെ ഗാംഗുലി ഇന്ത്യക്കായി മൈതാനത്തിറങ്ങിയിട്ടുണ്ട്. 1991 നവംബര്‍ 14ന് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിലൂടെയാണ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയില്‍ മൈതാനത്തിറങ്ങിയത്. ഫീല്‍ഡര്‍ റോളിലായിരുന്നു ഗാംഗുലി മൈതാനത്തിറങ്ങിയത്. അന്ന് ഗാംഗുലി ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനത്തിലൂടെ ഇന്ത്യയുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ്.

മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ദക്ഷിണാഫ്രിക്കയോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രവി ശാസ്ത്രി (109),സഞ്ജയ് മഞ്ജരേക്കര്‍ (105),ക്രിസ് ശ്രീകാന്ത് (53) എന്നിവര്‍ ഗംഭീര പ്രകടനം നടത്തിയപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് ടീമിന് നേടാനായത്. എന്നാല്‍ 46.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നു. കിപ്ലര്‍ വിസില്‍സ് (90),പീറ്റര്‍ കേഴ്സ്റ്റന്‍ (86) എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍മാരായി. ജവഗല്‍ ശ്രീനാഥ്,വെങ്കടാപതി രാജു എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റും വീഴ്ത്തി.

അന്ന് മൈതാനത്തിലിറങ്ങി തുടങ്ങിയ ഗാംഗുലി പിന്നീട് കൈവെച്ചതെല്ലാം പൊന്നാക്കി. ഇന്ത്യയുടെ വീരനായകന്മാരുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് ഗാംഗുലി. കിരീട നേട്ടങ്ങളിലും റെക്കോഡുകളിലും എംഎസ് ധോണിയും വിരാട് കോലിയും ഗാംഗുലിയേക്കാള്‍ മുകളിലാണെങ്കിലും ആരാധക മനസില്‍ നായകനെന്ന സ്ഥാനം എന്നെന്നും ഗാംഗുലിക്കാണെന്ന് പറയാം. 2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിച്ചതാണ് ഗാംഗുലിയെന്ന നായകന് വീര പരിവേഷത്തിലേക്ക് എത്തിച്ചത്. ലോര്‍ഡ്‌സില്‍ നാറ്റ് വെസ്റ്റ് പരമ്പര നേടിയപ്പോള്‍ ബാല്‍ക്കണിയില്‍ നിന്ന് ടീ ഷര്‍ട്ടൂരി അദ്ദേഹം നടത്തിയ ആഘോഷം ക്രിക്കറ്റ് ലോകത്തെ ആകെ ആവേശം കൊള്ളിച്ചിരുന്നു.

ഓഫ് സൈഡില്‍ എത്ര ഫീല്‍ഡര്‍മാരെ വിന്യസിച്ചാലും അതിനെയെല്ലാം മറികടന്ന് ഗ്യാപ് കണ്ടെത്തുന്ന ഗാംഗുലിയുടെ ഇടം കൈ മനോഹാരിതക്ക് പകരം വെക്കാന്‍ ഇന്നും ആര്‍ക്കും സാധിച്ചിട്ടില്ലെന്ന് പറയാം. 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 32 വിക്കറ്റും 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സും 100 വിക്കറ്റുമാണ് ഗാംഗുലിയുടെ സമ്പാദ്യം. 254 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 15687 റണ്‍സും 167 വിക്കറ്റും 437 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 15622 റണ്‍സും 171 വിക്കറ്റും ഗാംഗുലിയുടെ കരിയറിലുണ്ട്. 59 ഐപിഎല്ലില്‍ നിന്ന് 1349 റണ്‍സും 10 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

Story first published: Thursday, December 23, 2021, 18:18 [IST]
Other articles published on Dec 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+