കളി നിര്‍ത്തി ഒന്നര വര്‍ഷം കഴിഞ്ഞാലും സച്ചിന്‍ തന്നെ ക്രിക്കറ്റിലെ ഏറ്റവും വലിയ താരം. ലോകകപ്പ് ഫൈനല്‍ നടന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടായിരുന്നു സച്ചിന്‍ പ്രഭാവത്തിന് ഏറ്റവും ഒടുവില്‍ സാക്ഷ്യം വഹിച്ചത്. ലോകകപ്പ് ജയിച്ച ഓസ്‌ട്രേലിയന്‍ ടീമിനെ അഭിനന്ദിക്കാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതായിരുന്നു സച്ചിന്‍.
കളിക്കുമ്പോള്‍ ഉള്ള പോലെ തന്നെ സച്ചിന്‍, സച്ചിന്‍ വിളികളുമായാണ് ഗാലറി ക്രിക്കറ്റ് ദൈവത്തെ സ്വീകരിച്ചത്. പക്ഷേ അത്ഭുതം അതായിരുന്നില്ല, ഒരു ടി വി ചാനലിന് ഇന്റര്‍വ്യൂ കൊടുക്കുകയായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്‍ അത് പോലും നിര്‍ത്തിവെച്ചാണ് സച്ചിന്റെ അരികില്‍ ഓടിയെത്തിയത്. സച്ചിന്റെ അടുത്ത് വന്ന് കൈ കൊടുത്ത് ആലിംഗനം ചെയ്ത ശേഷമാണ് മാക്‌സി ഇന്റര്‍വ്യൂ തുടര്‍ന്നത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമുള്ള ആദ്യത്തെ ലോകകപ്പാണ് ഇത്. ഏറ്റവും അധികം കളികളും റണ്‍സുകളും സെഞ്ചുറികളും മറ്റുമായി ലോകകപ്പിന്റെ താരമാണ് സച്ചിന്‍. ആറ് ലോകകപ്പ് എഡിഷനുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച സച്ചിന്‍ അത്രയും തന്നെ സെഞ്ചുറികളും അടിച്ചു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്.
2011 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സച്ചിന്‍. 2013 നവംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മാക്‌സ്‌വെല്ലാകട്ടെ, ഇന്ന് ലോകത്തെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഐ പി എല്ലില്‍ ഇരുവരും ഒന്നിച്ച് കളിച്ചിട്ടുണ്ട്. സച്ചിനെ കാണാനായി ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓടിയെത്തുന്ന വീഡിയോ കാണൂ. സോഷ്യല്‍ സൈറ്റുകളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.