മുംബൈ: ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിലെ സ്ഥിര സ്പിന്നര്‍മാരിലൊരാളാണ് യുസ്‌വേന്ദ്ര ചാഹല്‍. കൂട്ടുകെട്ട് പൊളിക്കാന്‍ മിടുക്കനായി ചാഹല്‍ എം എസ് ധോണിയുടെയും വിരാട് കോലിയുടെയും പ്രിയങ്കരനാണ്. ഇപ്പോഴിതാ തന്റെ വിക്കറ്റ് നേട്ടത്തില്‍ ധോണി എങ്ങനെയാണ് സഹായിക്കുന്നതെന്ന് ചാഹല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാഹല്‍ ധോണിയെക്കുറിച്ച് മനസ് തുറന്നത്.
'ഇന്ത്യ കണ്ട എക്കാലത്തെയും മികച്ചതും മഹാനുമായ ക്രിക്കറ്റ് താരമാണ് മഹി ഭായ് (ധോണി). മത്സരത്തിനിടെ എന്നെയും കുല്‍ദീപ് യാദവിനെയും അദ്ദേഹം ഒരുപാട് സഹായിക്കാറുണ്ട്. ചില സമയങ്ങളില്‍ ബാറ്റ്‌സ്മാന്‍ എനിക്കെതിരേ ബൗണ്ടറിയടിക്കുകയാണെങ്കില്‍ ധോണി ഓടി എന്റെയടുത്ത് വരും. തോളില്‍ കൈവെച്ച് ഗൂഗ്ലി എറിയൂ,അവന് കളിക്കാന്‍ സാധിക്കില്ലെന്ന് പറയും. 40 ഓവറിന് ശേഷം വിരാട് ഭയ്യ (വിരാട് കോലി) മിക്കതും ബൗണ്ടറി ലൈനിലാവും ഫീല്‍ഡ് ചെയ്യുക. ഈ സമയത്ത് നിയന്ത്രിക്കാന്‍ ആരെങ്കിലും ആവിശ്യമാണ്. സമ്മര്‍ദ്ദ സമയങ്ങളില്‍ ഞാന്‍ ധോണിയെ നോക്കും.

എന്റെ ശരീരഭാഷ കാണുമ്പോള്‍ത്തന്നെ അദ്ദേഹം എന്നോട് ചോദിക്കും എന്തെങ്കിലും പ്രശ്‌നമുണ്ടോ.അദ്ദേഹം എന്റെയടുത്ത് വരികയും ആ പ്രശ്‌നം പരിഹരിച്ച് തരികയും ചെയ്യും-ചാഹല്‍ പറഞ്ഞു. പല സമയത്തും വിക്കറ്റിന് പിന്നില്‍ നിന്ന് ബൗളര്‍മാര്‍ക്ക് ധോണി നിര്‍ദേശം നല്‍കാറുണ്ട്. ധോണിയുടെ മികച്ച പല സ്റ്റംപിങ്ങുകളും ബൗളറുമായി ചര്‍ച്ചചെയ്‌തൊരുക്കിയ പദ്ധതികളാവും. കുല്‍ദീപ് യാദവിന് എവിടെ പന്തെറിയണമെന്ന് ധോണി ഉപേദശിച്ച് നല്‍കുന്നതും തൊട്ടടുത്ത പന്തില്‍ കുല്‍ദീപ് വിക്കറ്റ് നേടിയതിന്റെയും വീഡിയോ വലിയ വൈറലായിരുന്നു.
2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ധോണിയുടെ വിരമിക്കല്‍ അഭ്യൂഹവും ശക്തമാണ്. ധോണിയുടെ മടങ്ങിവരവിനെക്കുറിച്ചും ചാഹല്‍ പ്രതികരിച്ചു. മഹി ഭായിയില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ മടങ്ങിവരവ് ഞങ്ങള്‍ക്ക് ഗുണമാണ്.
എന്നാല്‍ മടങ്ങിവരവ് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.2016ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ചാഹല്‍ 52 ഏകദിനത്തില്‍ നിന്ന് 91 വിക്കറ്റും 42 ടി20യില്‍ നിന്ന് 55 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.84 ഐപിഎല്ലില്‍ നിന്നായി 100 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.