കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പിന് മുമ്പായി ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരിശീലന മത്സരത്തിന് ശേഷം നാടകീയ രംഗങ്ങള്‍. കളിക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ കുപ്പായത്തിന്റെ കോളറില്‍ പിടിച്ചതാണ് ആരാധകരെ ഞെട്ടിച്ചത്. രോഹിത് ശര്‍മയുടെ 98 നോട്ടൗട്ടിന്റെ മികവില്‍ മത്സരത്തില്‍ ഇന്ത്യ 45 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചിരുന്നു.
മത്സരശേഷം രണ്ട് ടീമുകളുടെയും കളിക്കാര്‍ പരസ്പരം കൈ കൊടുക്കുന്നതിനിടെയായിരുന്നു ഡ്വെയ്ന്‍ ബ്രാവോ ധോണിയുടെ കോളറില്‍ പിടിച്ചത്. ഡ്വെയ്ന്‍ ബ്രാവോ ധോണിയുടെ കോളറില്‍ കുത്തിപ്പിടിക്കുന്നത് കണ്ട് ഈഡന്‍ ഗാര്‍ഡനിലെ കാണികളും ഞെട്ടി. എന്നാല്‍ ഏറെക്കാലം ധോണിയോടൊപ്പം കളിച്ചിട്ടുള്ള ഡ്വെയ്ന്‍ ബ്രാവോ ധോണിയോട് തമാശ കളിച്ചതാണ് എന്ന് കുറച്ച് സമയം കഴിഞ്ഞാണ് കാണികള്‍ക്ക് വ്യക്തമായത്.

മത്സരം ടി വി ചാനലില്‍ ലൈവ് കവറേജ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. ഐ പി എല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സഹതാരങ്ങളായിരുന്നു എം എസ് ധോണിയും ഡ്വെയ്ന്‍ ബ്രാവോയും. നിലവില്‍ ധോണി പുനെ ടീമിന് വേണ്ടിയും ബ്രാവോ രാജ്‌കോട്ട് ടീമിന് വേണ്ടിയുമാണ് ഐ പി എല്‍ കളിക്കുന്നത്. ബ്രാവോയുടെ ചലോ ചലോ സംഗീതപരിപാടിയിലും ധോണിയുടെ സാന്നിധ്യമുണ്ടായിരുന്നു.