ലങ്കയ്‌ക്കൊപ്പം ലോകകപ്പ്, പാകിസ്താനൊപ്പം ഏഷ്യാകപ്പ്...വാട്‌മോര്‍ ഇനി കേരളത്തിലേക്ക്!!
കൊച്ചി: ലോക ക്രിക്കറ്റില്‍ ഗ്ലാമര്‍ കോച്ചായ ഡേവ് വാട്‌മോറിനെ അറിയാത്തവര്‍ ഉണ്ടാവില്ല. പരിശീലിപ്പിച്ച രാജ്യങ്ങള്‍ക്കൊപ്പവും ടീമുകള്‍ക്കൊപ്പവുമെല്ലാം അദ്ഭുതം സൃഷ്ടിച്ച കോച്ചാണ് അദ്ദേഹം. ഇനി അദ്ദേഹം പരിശീലകക്കുപ്പായത്തിലെത്തുന്നത് നമ്മുടെ കൊച്ചു കേരളത്തിലേക്കാണ്.

കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വാട്‌മോര്‍ സ്ഥാനമേറ്റെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒഫീഷ്യലുകള്‍ ചെന്നൈയില്‍ വച്ച് വാട്‌മോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മാര്‍ച്ച് 22ന് വാട്‌മോര്‍ വീണ്ടും ചെന്നൈയിലെത്തുന്നുണ്ട്. അന്ന് അദ്ദേഹം കേരള ടീം കോച്ചായി ഔദ്യോഗികമായി കരാറില്‍ ഒപ്പുവയ്ക്കുമെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. മുന്‍ കേരള ക്യാപ്റ്റന്‍ എസ് രമേഷിനെ ടീമിന്റെ ഗെയിം ഡയറക്ടറായി നിയമിക്കാനും കെസിഎ തീരുമാനിച്ചു.

ജനുവരിയില്‍ ചെന്നൈയില്‍ നടന്ന സയ്ദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ കളിക്കാനെത്തിയപ്പോള്‍ കേരള താരങ്ങള്‍ വാട്‌മോറുമായി സംസാരിച്ചിരുന്നു.

1996ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ ചാംപ്യന്‍മാരാക്കിയതോടെയാണ് വാട്‌മോറെന്ന പരിശീലകന്‍ ശ്രദ്ധേയനാവുന്നത്. അന്ന് ലങ്ക ക്രിക്കറ്റില്‍ ഒന്നുമല്ലായിരുന്നു. പക്ഷെ ഈ ലോകകപ്പ് വിജയത്തോടെ ഇന്ത്യക്കും പാകിസ്താനും പിറകെ ഏഷ്യന്‍ ക്രിക്കറ്റിലെ മറ്റൊരു ശക്തികളായി ലങ്ക മാറുകയായിരുന്നു.

ലങ്കയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച ശേഷം വാട്‌മോര്‍ 2012ല്‍ പാകിസ്താന് ഏഷ്യാ കപ്പ് ട്രോഫിയും സമ്മാനിച്ചു. ഏഷ്യയിലെ കുഞ്ഞന്‍ ടീമായ ബംഗ്ലാദേശിനെ ഏതു വമ്പന്‍മാരെയും അട്ടിമറിക്കാന്‍ ശേഷിയുള്ള ടീമാക്കി മാറ്റിയത് വാട്‌മോറാണ്. സിംബാബ്‌വെ ദേശീയ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും വാട്‌മോര്‍ പരിശീലിപ്പിച്ചിട്ടുണ്ട്. മുന്‍ ഓസീസ് താരം കൂടിയാണ് 63കാരനായ വാട്‌മോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications