മൊഹാലി: കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പിച്ച് സെമി ഫൈനലില്‍ കടന്നിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് സന്തോഷം പോര. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ ഫോമില്ലായ്മയാണ് ധോണിയുടെ ആശങ്കയ്ക്ക് കാരണം. കളി കഴിഞ്ഞ ശേഷം സഞ്ജയ് മഞ്ജരേക്കറോട് സംസാരിക്കവേയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ തങ്ങളുടെ ബാറ്റിംഗ് കഴിവിന്റെ അറുപത് - എഴുപത് ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന പക്ഷക്കാരനാണ് ധോണി. സെമി ഫൈനല്‍ അടക്കമുള്ള വരും മത്സരങ്ങളില്‍ ബാറ്റിംഗ് നിര ഫോമിലേക്ക് ഉയരുമെന്ന് ധോണി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. വിരാട് കോലി ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ചത് ഒരു ടോപ് ക്ലാസ് ഇന്നിംഗ്‌സാണെന്നും കോലി പറഞ്ഞു.

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നീ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ വന്‍ പരാജയമാണ് ഈ ലോകകപ്പില്‍. 5, 10, 18, 12 എന്നിങ്ങനെയാണ് ഗ്രൂപ്പ് സ്റ്റേജില്‍ രോഹിത് ശര്‍മയുടെ സ്‌കോറുകള്‍. ആകെ റണ്‍സ് 45. 1, 6, 23, 13 എന്നിങ്ങനെയാണ് ശിഖര്‍ ധവാന്റെ കണക്ക്. ആകെ റണ്‍സ് 43. സുരേഷ് റെയ്‌നയാകട്ടെ ഇതിലും കഷ്ടം. 1, 0, 30, 10, ആകെ റണ്‍സ് 43. ഇവര്‍ മൂവരും ഫോമിലല്ലാത്തതിന് വലിയ വില കൊടുക്കേണ്ടി വന്നേനെ ഇന്ത്യ.
Read Also: മിന്നല്‍ സ്റ്റംബിങും ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പിച്ച ഓട്ടവും... ധോണി ഫാന്‍സിന്റെ ട്രോളുകള്‍ കാണൂ...
നാല് കളികളില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ അടക്കം 184 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ രക്ഷകനായത്. ശരാശരി 92. 3 ഇന്നിംഗ്‌സ് കളിച്ച ക്യാപ്റ്റന്‍ എം എസ് ധോണി 74 റണ്‍സടിച്ചു. വലിയ സ്‌കോറുകള്‍ അടിച്ചില്ലെങ്കിലും കോലിക്കൊപ്പം മാച്ച് വിന്നിങ് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ യുവരാജ് സിംഗിന് സാധിച്ചു. പാണ്ഡ്യ, ജഡേജ, അശ്വിന്‍ എന്നിവരടങ്ങിയ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ഇനിയും കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല.