ഹരാരെ: ഐ പി എല്‍ ക്രിക്കറ്റില്‍ നിന്നും സ്വന്തം ടീമായ രാജസ്ഥാന്‍ റോയല്‍സിനെ രണ്ട് വര്‍ഷം വിലക്കിയതിനെതിരെ പ്രതികരിക്കാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഒഴിഞ്ഞുമാറി. സിംബാബ്‌വെയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ട്വന്റി - 20 പരമ്പരയാണ് തന്റെ മുന്നിലുള്ളതെന്നായിരുന്നു രഹാനെയുടെ മറുപടി. 2 കളികളാണ് പരമ്പരയില്‍ ഉള്ളത്.
ഐ പി എല്ലിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നു പോലും ഇല്ല. നിങ്ങള്‍ രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ മുഴുവന്‍ ശ്രദ്ധയും അതിലായിരിക്കണം. രാജ്യത്തിന് വേണ്ടി കളികള്‍ ജയിക്കാനാണ് നോക്കണേണ്ടത്. മൂന്നാം ഏകദിനത്തില്‍ മാത്രമായിരുന്നു കളിക്കാരുടെ ശ്രദ്ധ. അതുപോലെ തന്നെ അടുത്ത ട്വന്റി 20 മത്സരത്തിലായിരിക്കും കളിക്കാരുടെ ശ്രദ്ധ മുഴുവന്‍. രണ്ട് കളികളും ജയിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

ഐ പി എല്‍ കോഴക്കളിയില്‍ ഉള്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ രണ്ടു വര്‍ഷത്തേക്കാണ് സുപ്രീം കോടതി രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും അജിന്‍ക്യ രഹാനെയെക്കൂടാതെ സ്റ്റുവര്‍ട്ട് ബിന്നി, സഞ്ജു സാംസണ്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരും ചെന്നൈ ടീമിലെ മോഹിത് ശര്‍മയും സിംബാബ്‌വെ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലുണ്ട്.
ക്യാപ്റ്റന്‍ ധോണി, വൈസ് ക്യാപ്റ്റന്‍ വിരാട് കോലി, പ്രധാന താരങ്ങളായ രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, അശ്വിന്‍ തുടങ്ങിയവരില്ലാതെയാണ് ഇന്ത്യ സിംബാബ്‌വെയില്‍ പര്യടനം നടത്തുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര എല്ലാ കളികളും ജയിച്ച് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ട്വന്റി 20 മത്സരങ്ങള്‍ക്കായി കേരളത്തിന്റെ സഞ്ജു സാംസനും ടീമിലുണ്ട്. വെള്ളിയാഴ്ചയാണ് ആദ്യ മത്സരം.