ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്സിലേക്ക്. ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ മൂന്നാംദിനം തന്നെ മല്‍സരം ആവേശകരമാവുകയായിരുന്നു. ഒന്നാമിന്നിങ്സില്‍ ലീഡ് നേടിയ ആതിഥേയരായ വിന്‍ഡീസിനെ രണ്ടാമിന്നിങ്സില്‍ 93 റണ്‍സിന് പുറത്താക്കി ലങ്ക തിരിച്ചടിക്കുകയായിരുന്നു. ഇതോടെ നിര്‍ണായക ടെസ്റ്റില്‍ ലങ്കയുടെ വിജയലക്ഷ്യം 144 റണ്‍സായി മാറുകയും ചെയ്തു.
144 റണ്‍സ് പിന്തുടര്ന്ന് ബാറ്റിങിനിറങ്ങിയ ലങ്ക മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 81 റണ്‍സെന്ന നിലയില്‍ പതറുകയാണ്. അഞ്ച് വിക്കറ്റ് ശേഷിക്കേ 63 റണ്‍സ് കൂടി നേടിയാല്‍ സന്ദര്‍ശകരായ ലങ്കയ്ക്ക് വിജയത്തോടെ പരമ്പര സമനിലയിലാക്കാനും സാധിക്കും. കളിനിര്‍ത്തുമ്പോള്‍ കുശാല്‍ മെന്‍ഡിസും (25*) ദില്‍റുവാന്‍ പെരേരയുമാണ് (1*) ക്രീസില്‍. നാല് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറാണ് രണ്ടാമിന്നിങ്സില്‍ വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയത്.