സിക്‌സറുകളുടെ പെരുമഴതീര്‍ത്ത് തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഗെയ്ല്‍; ലോക റെക്കോര്‍ഡ്

ബ്രിഡ്ജ്ടൗണ്‍: വെസ്റ്റിന്‍ഡീസ് ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ ക്രിസ് ഗെയ്ല്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ടീമിന് നല്‍കിയത് കൂറ്റന്‍ സ്‌കോര്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഗെയ്ല്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചത്. 129 പന്തില്‍ 135 റണ്‍സ് നേടിയ ഗെയ്‌ലിന്റെ ബാറ്റിങ് മികവില്‍ വിന്‍ഡീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.
എന്നാല്‍, ഗെയ്‌ലിന്റെ സെഞ്ച്വറിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയ ഇംഗ്ലണ്ട് 6 വിക്കറ്റിന്റെ റെക്കോര്‍ഡ് ജയവും സ്വന്തമാക്കി. ജേസണ്‍ റോയ്(123), ജോ റൂട്ട്(102) എന്നിവരുടെ ശതകങ്ങളാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. ഇയോയിന്‍ മോര്‍ഗന്‍(65), ജോണി ബാരിസ്‌റ്റോ(34) എന്നവരും സന്ദര്‍ശര്‍ക്കായി തിളങ്ങി. ടെസ്റ്റ് പരമ്പരയില്‍ നിറംമങ്ങിയ ഇംഗ്ലണ്ട് ഇതോടെ ഏകദിനത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

സിക്‌സറുകളില്‍ പുതിയ റെക്കോര്‍ഡ്
സെഞ്ച്വറി നേടിയ ഗെയ്ല്‍ പുതിയൊരു ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന താരമെന്ന ബഹുമതിയാണ് ഗെയ്‌ലിന് സ്വന്തമായത്. മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡ് ഗെയ്ല്‍ തകര്‍ത്തു. ഇംഗ്ലണ്ടിനെതിരെ സിക്‌സറുകളുടെ പെരുമഴതീര്‍ത്ത ഗെയ്‌ലിന് ഇപ്പോള്‍ 488 സിക്‌സറുകള്‍ സ്വന്തമായുണ്ട്. 476 ആണ് അഫ്രീദിയുടെ സമ്പാദ്യം. 12 സിക്‌സറുകളാണ് ഗെയ്ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്.

സെഞ്ച്വറിയില്‍ മറ്റൊരു റെക്കോര്‍ഡ്
അന്താരാഷ്ട്ര ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന കളിക്കാരില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ഗെയ്ല്‍. യുഎഇ താരം ഖുറം ഖാന്‍ (43 വയസ്), ശ്രീലങ്കന്‍ താരം സനത് ജയസൂര്യ(39 വയസ്) എന്നിവര്‍ക്ക് പിന്നിലാണ് 39കാരനായ ഗെയ്ല്‍. തന്റെ 24-ാം ഏകദിന സെഞ്ച്വറിയാണ് ഗെയ്ല്‍ ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. ഇംഗ്ലണ്ടിനെതിരെ ആദ്യ 50 റണ്‍സെടുത്താന്‍ ഗെയ്ല്‍ 76 പന്തെടുത്തപ്പോള്‍ അടുത്ത 50 റണ്‍സിന് 24 പന്തുകള്‍ മാത്രമാണ് നേരിട്ടത്. ലോകകപ്പില്‍ കളിക്കാനൊരുങ്ങുന്ന ടീമുകള്‍ക്കുള്ള മുന്നറിയിപ്പുകൂടിയായി താരത്തിന്റെ ഇന്നിങ്‌സ്.

ഇംഗ്ലണ്ടിനും റെക്കോര്‍ഡ്
ഗെയ്‌ലിന്റെ ഗംഭീര പ്രകടനത്തിനിടയിലും ടീം തോറ്റത് നിരാശയുളവാക്കുന്നതായി. ഇംഗ്ലണ്ട് ആവട്ടെ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ പുതിയൊരു റെക്കോര്‍ഡും സ്വന്തമാക്കി. നേരത്തെ ന്യൂസിലന്‍ഡിനെതിരെ 350റണ്‍സ് ഇംഗ്ലണ്ട് വിജയകരമായി പിന്തുടര്‍ന്നിരുന്നു. വിന്‍ഡീസിനെതിരെ 364 റണ്‍സെടുത്ത് അവര്‍ ലോകകപ്പ് ഒരുക്കം ഗംഭീരമാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications