ലോകകപ്പ്: വിന്‍ഡീസിന്റെ തന്ത്രം വെളിപ്പെടുത്തി, ആരായാലും മാറ്റില്ല!! ഞെട്ടലില്‍ എതിരാളികള്‍
ട്രെന്റ് ബ്രിഡ്ജ്: ലോകകപ്പിലെ കറുത്ത കുതിരകളായി മാറുമെന്ന് പല മുന്‍ താരങ്ങളും പ്രവചിച്ച വെസ്റ്റ് ഇന്‍ഡീസ് ഇതു ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ മല്‍സരത്തില്‍ പുറത്തെടുത്തത്. മുന്‍ ചാംപ്യന്‍മാരും ഏഷ്യന്‍ ശക്തികളുമായ പാകിസ്താനെ വിന്‍ഡീസ് നാണംകെടുത്തിയിരുന്നു. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ പാകിസ്താനെ 21.4 ഓവറില്‍ വെറും 105 റണ്‍സിന് എറിഞ്ഞുതൊടുക്കിയ വിന്‍ഡീസ് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തിരുന്നു.
1980കളില്‍ ലോക ക്രിക്കറ്റിനെ അടക്കിഭരിച്ച വിന്‍ഡീസ് ടീമിന്റെ അതേ ശൈലിയിലുള്ള പ്രകടനമാണ് വിന്‍ഡീസ് കാഴ്ചവച്ചത്. ആദ്യ കളിയിലെ പ്രകടനത്തോടെ തന്നെ ലോകകപ്പില്‍ മറ്റു ടീമുകള്‍ ഭയക്കേണ്ടത് തങ്ങളെയാണെന്ന് വിന്‍ഡീസ് മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. ലോകകപ്പില്‍ ടീമിന്റെ തന്ത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍.

ആക്രമിച്ചു കളിക്കും
എതിരാളികള്‍ ആരെന്നു പോലും നോക്കാതെ ലോകകപ്പിലെ എല്ലാ മല്‍സരങ്ങളിലും ആക്രമിച്ചു കളിക്കുകയെന്ന തന്ത്രമാണ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് നായകന്‍ ഹോള്‍ഡര്‍ പറയുന്നു. വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു ഒരിക്കലും എതിര്‍ ടീമിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ല. തങ്ങളുടെ തന്ത്രങ്ങള്‍ എതിര്‍ ടീമിനു മേല്‍ നടപ്പാക്കാനാണ് വിന്‍ഡീസ് തുടര്‍ന്നും ശ്രമിക്കുക.
നെറ്റ്‌സിലും ബൗളര്‍മാര്‍ നിരവധി ഷോര്‍ട്ട് ബോളുകള്‍ ചെയ്തിരുന്നു. ഇതു മല്‍സരത്തിലും ബൗളര്‍മാര്‍ക്കു ആവര്‍ത്തിക്കാന്‍ കഴിയുന്നത് നല്ലതാണെന്നും ഹോള്‍ഡര്‍ വിശദമാക്കി.

റസ്സലിനെ പ്രശംസിച്ചു
പാകിസ്താനെതിരായ കളിയില്‍ തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസിനു മുന്‍തൂക്കം നേടിത്തന്ന ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനെ ഹോള്‍ഡര്‍ പ്രശംസിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈക്കു ശേഷം റസ്സല്‍ വിന്‍ഡീസിനു വേണ്ടി കളിച്ച ആദ്യ ഏകദിനം കൂടിയായിരുന്നു ലോകകപ്പിലേകത്.
പാക് ഓപ്പണര്‍ ഫഖര്‍ സമാനെ തകര്‍പ്പനൊരു ബൗണ്‍സറിലൂടെയാണ് റസ്സല്‍ ഔട്ടാക്കിയത്. റസ്സലിന്റെ ബൗണ്‍സര്‍ സമാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഹെല്‍മറ്റില്‍ തട്ടിയ ശേഷം സ്റ്റംപിലേക്കു വീഴുകയായിരുന്നു. ഹാരിസ് സൊഹൈലിനെയും മറ്റൊരു ഉജ്ജ്വല ബൗളിങിലൂടെയാണ് റസ്സല്‍ മടക്കിയത്.

കളിയിലെ വഴിത്തിരിവ്
റസ്സലിന്റെ സ്‌പെല്ലാണ് മല്‍സരത്തില്‍ വഴിത്തിരിവായി മാറിയതെന്നു ഹോള്‍ഡര്‍ ചൂണ്ടിക്കാട്ടി. പാകിസ്താന്റെ പതനത്തിന് തുടക്കമിട്ടത് റസ്സലാണ്. കളിക്കളത്തില്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്ന താരങ്ങളിലൊരാളാണ് റസ്സലെന്നും ഹോള്‍ഡര്‍ പറയുന്നു.
വളരെ കരുത്തോടെയാണ് റസ്സല്‍ ബൗള്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ശാരീരിക മികവ് അതിനു സഹായിക്കുകയും ചെയ്യുന്നുവെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാല്‍മുട്ടിനു പരിക്കേറ്റതിനാല്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള അടുത്ത മല്‍സരത്തില്‍ റസ്സല്‍ കളിച്ചേക്കില്ലെന്നും ഹോള്‍ഡര്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications