ആന്റിഗ്വ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ വെസ്റ്റിന്‍ഡീസ് പരിശീലകന്‍ റിച്ചാര്‍ഡ് പൈബസിനെ പുറത്താക്കി. ഫ് ളോയ്ഡ് റെയ്ഫറിന് താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്. ലോകകപ്പ് അവസാനിക്കുന്നതുവരെ പൈബസിന് കരാറുണ്ട്. എന്നാല്‍ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പുതിയ പ്രസിഡന്റ് റിക്കി സ്‌കെറിറ്റിന്റെ ഇടപെടലിലൂടെയാണ് പരിശീലകനെ പുറത്താക്കിയത്.

പൈബസിന്റെ പുറത്താകല്‍ ആവശ്യമായതും കണക്കുകൂട്ടലുകളോടെയുള്ളതുമാണെന്ന് റിക്കി വ്യക്തമാക്കി. ബാര്‍ബഡോസുകാരനായ പുതിയ പരിശീലകന്‍ 1997-2009 കാലയളവില്‍ വിന്‍ഡീസിനായി കളിച്ചിട്ടുണ്ട്. ആറ് ടെസ്റ്റുകളും, എട്ട് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും കളിച്ച റെയ്ഫറിന് കളിക്കാരനെന്ന നിലയില്‍ പരിചയസമ്പത്ത് കുറവാണ്.
പരിശീലകനെന്ന നിലയില്‍ റെയ്ഫറിന്റെ മികവാണ് വിന്‍ഡീസ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കാരണം. വെസ്റ്റിന്‍ഡീസ് എ ടീമിനെയും ടി20 ടീമിനെയും പരിശീലിപ്പിച്ച പരിചയം റെയ്ഫറിനുണ്ട്. ടീമിനെ ലോകകപ്പില്‍ പരിശീലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് വ്യക്തമാക്കുന്നത്. പൈബസിന്റെ നേതൃത്വത്തില്‍ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പരയില്‍ 2-2 എന്ന നിലയിലെത്തിക്കാനും കഴിഞ്ഞു.
പരിശീലകന്‍ മാറിയതോടെ കളിക്കാരുടെ തെരഞ്ഞെടുപ്പ് പോളിസിയിലും മാറ്റം വരുത്തും. നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച താരങ്ങള്‍ക്ക് മാത്രമാണ് ദേശീയ ടീമില്‍ ഇടം നല്‍കിയിരുന്നെങ്കിലും ഇനിമുതല്‍ എല്ലാ കളിക്കാരെയും പരിഗണിക്കാനാണ് തീരുമാനം. ഇതോടെ കീറോണ്‍ പൊള്ളാര്‍ഡ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലോകകപ്പിനുള്ള വെസ്റ്റിന്‍ഡീസ് ടീമിലും ഇടംപിടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.