ഇംഗ്ലണ്ട് vs വിന്‍ഡീസ്: ആദ്യദിനം മഴക്കളി, ഇംഗ്ലണ്ടിന് പതിഞ്ഞ തുടക്കം
സതാംപ്റ്റണ്‍: കൊവിഡിന് ശേഷമുള്ള അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മടങ്ങിവരവ് മഴയില്‍ മുങ്ങി. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാംദിനം കളി നടന്നത് 17.4 ഓവര്‍ മാത്രം. ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 35 റണ്‍സെടുത്തു നില്‍ക്കെ ആദ്യദിനം അവസാനിക്കുകയായിരുന്നു. റോറി ബേണ്‍സ് (20), ജോ ഡെന്‍ലി (14) എന്നിവരാണ് ക്രീസില്‍.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. രണ്ടാമത്തെ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ ഡൊമിനിക്ക് സിബ്ലി അക്കൗണ്ട് തുറക്കാനാവാതെ പുറത്തായി. ഷാനോണ്‍ ഗബ്രിയേലിന്റെ ബൗളിങില്‍ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. വിന്‍ഡീസിന്റെ കണിശതയാര്‍ന്ന ബൗളിങിനു മുന്നില്‍ ഇംഗ്ലണ്ട് റണ്‍സെടുക്കാന്‍ വിഷമിക്കുന്നതാണ് പിന്നീട് കണ്ടത്. 1.98 റണ്‍ റേറ്റിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍ 35 റണ്‍സെടുത്തിട്ടുള്ളത്. 55 പന്തില്‍ മൂന്നു ബൗണ്ടറികളോടെയാണ് ബേണ്‍സ് 20 റണ്‍സ് നേടിയതെങ്കില്‍ 48 പന്തില്‍ മൂന്നു ബൗണ്ടറികളടക്കമാണ് ഡെന്‍ലി 14 റണ്‍സെടുത്തത്.
ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.ഇന്ത്യന്‍ സമയം 3.30ന് മത്സരം തുടങ്ങേണ്ടതായിരുന്നെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്ന് മത്സര സമയം നീളുകയായിരുന്നു. ബൗളര്‍മാരെ അനുകൂലിക്കുന്ന മൈതാനമാണ് സതാംപ്റ്റണിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്.കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി മത്സരത്തില്‍ പാലിക്കും.പന്തില്‍ തുപ്പല്‍ ഉപയോഗിക്കാന്‍ താരങ്ങള്‍ക്ക് അനുമതിയില്ല.കെട്ടിപ്പിടിച്ചുള്ള ആഹ്ലാദ പ്രകടനത്തിനും വിലക്കുണ്ട്.താരങ്ങളിലാര്‍ക്കെങ്കിലും കോവിഡ് ലക്ഷണം തോന്നിയാല്‍ പകരക്കാരനെ ഇറക്കാനും സാധിക്കും.
കോവിഡിനെ ശേഷം നടക്കുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എന്ന നിലയ്ക്കാണ് മത്സരം ശ്രദ്ധ നേടുന്നത്. പരമ്പരയ്ക്ക് മുന്നോടിയായി നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തിയ വെസ്റ്റ് ഇന്‍ഡീസ് ടീം കോവിഡ് പരിശോധന പൂര്‍ത്തിയാക്കി രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പോരാട്ടത്തിനിറങ്ങുന്നത്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
കര്‍ശനമായും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മത്സരത്തിലുടെനീളം പാലിക്കപ്പെടും. ഈ പരമ്പര വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ തൊട്ടുപിന്നാലെ പാകിസ്താനെതിരെയും ഇംഗ്ലണ്ട് പരമ്പര കളിക്കും. ഈ പരമ്പരയെ വിലയിരുത്തിയാവും മറ്റ് രാജ്യങ്ങളുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടക്കുക. ജൂലൈ അവസാന വാരം ഐസിസിയുടെ യോഗം ചേരാനുണ്ട്. ഇതിലാവും ടി20 ലോകകപ്പിന്റെയടക്കം തീരുമാനം കൈക്കൊള്ളുക. ഈ ടെസ്റ്റ് പരമ്പര വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ലോകകപ്പടക്കം നടത്താന്‍ ഐസിസിക്ക് ആത്മവിശ്വാസമാകും.

താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം
കോവിഡ് പശ്ചാലത്തലത്തില്‍ കര്‍ശന നിര്‍ദേശമാണ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.ബൗളര്‍മാര്‍ ഉമിനീര് പന്തില്‍ പുരട്ടാന്‍ പാടില്ല. പ്രധാനമായും പേസ് ബൗളര്‍മാരെയാണ് ഇത് ബാധിക്കുക. കൂടുതല്‍ സ്വിങ് ലഭിക്കാനും പന്തിന്റെ ഷൈനിങ് കൂട്ടി ഗ്രിപ്പ് ലഭിക്കാനും ബൗളര്‍മാര്‍ തുപ്പല്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കൊറോണ കൂടുതലായും ശ്രവത്തിലൂടെ പകരുന്നതിനാല്‍ തുപ്പല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൂടാതെ കെട്ടിപ്പിടിച്ചുള്ള വിക്കറ്റ് ആഘോഷം പാടില്ല. അനാവശ്യമായി ഒത്തുചേരാനുള്ള അവസരം പരമാവതി കുറയ്ക്കാനും ഹസ്ത ദാനം നല്‍കുന്നതിനും നിയന്ത്രണമുണ്ട്. കൂടാതെ മത്സരത്തിനിടെ ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണം തോന്നിയാല്‍ പകരക്കാരനെ ഇറക്കാനും അവസരം ലഭിക്കും.

ടീം ലൈനപ്പ്
ഇംഗ്ലണ്ട് ടീം:റോറി ബേണ്‍സ്,ഡോം സിബ്ലി,ജോ ഡെന്‍ലി,സാക്ക് ക്രൗലി,ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍),ഒലി പോപ്പ്,ജോസ് ബട്‌ലര്‍,ഡോം ബെസ്,ജോഫ്ര ആര്‍ച്ചര്‍,മാര്‍ക്ക് വുഡ്,ജെയിംസ് ആന്‍ഡേഴ്‌സണ്‍.
വെസ്റ്റ് ഇന്‍ഡീസ് ടീം:ജോണ്‍ ചാംപ് ബെല്‍,ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റ്,ഷംറാ ബ്രൂക്‌സ്,ഷായ് ഹോപ്പ്,റോസ്റ്റണ്‍ ചേസ്,ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്,ഷെയ്ന്‍ ഡൗറിച്ച്,ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍,അല്‍സാരി ജോസഫ്,കീമാര്‍ റോച്ച്,ഷനോന്‍ ഗബ്രിയേല്‍.

പിച്ചിന്റെ സ്വാഭാവം
കുറച്ചുനാളുകളായി മത്സരം നടക്കാത്തതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ കടുപ്പമാകും. ബൗളിങ്ങിനെ കൂടുതല്‍ പിന്തുണയ്ക്കുന്ന സ്വഭാവമാണ് പിച്ചിനുള്ളത്. 20111ല്‍ ആരംഭിച്ച ഈ മൈതാനത്ത് ഇതുവരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് നടന്നത്. നേരത്തെ ഇതേ മൈതാനത്ത് വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെതിരേ പരമ്പര കളിച്ചിട്ടുണ്ട്.

പ്രധാന റെക്കോഡുകള്‍
2000 ടെസ്റ്റ് റണ്‍സിലെത്താന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന് വേണ്ടത് 102 റണ്‍സ്‌കൂടി. ഇതിനോടകം 100 ടെസ്റ്റ് വിക്കറ്റും സ്വന്തമാക്കാന്‍ ഹോള്‍ഡറിനായിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ട് തിളങ്ങാനും ഹോള്‍ഡറിനാവും.
റൂട്ടിന്റെ അഭാവത്തില്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ നായകനാവുന്ന 81ാമത്തെ താരമാണ് സ്‌റ്റോക്‌സ്. ഇതുവരെ 158 ടെസ്റ്റാണ് ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിച്ചത്. ഇന്ന് ജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇംഗ്ലണ്ടിന്റെ 50ാം ടെസ്റ്റ് ജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications