അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും താന്‍ സ്വന്തം താല്‍പര്യപ്രകാരം വിരമിച്ചതല്ലെന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ കടുംപിടുത്തം കാരണമാണ് തനിക്ക് വിരമിക്കേണ്ടി വന്നത്. ആഭ്യന്തര മത്സരങ്ങളില്‍ ഗയാനയ്ക്ക് വേണ്ടി താന്‍ ഇനിയും കളിക്കാന്‍ ഇറങ്ങുമെന്നും സമീപകാലത്ത് വിന്‍ഡീസിന്റെ ഏറ്റവും നല്ല ബാറ്റ്‌സ്മാനായിരുന്ന ചന്ദര്‍പോള്‍ പറഞ്ഞു.
ദുബായില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ വേണ്ടി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടിയാണ് താന്‍ വിരമിക്കല്‍ തീരുമാനെടുത്തത്. ജനുവരി 23ന് വിരമിക്കും എന്ന നിബന്ധനയുടെ പുറത്താണ് തനിക്ക് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ ഒ സി നല്‍കിയത്. അതിന് മുമ്പ് വിരമിച്ചില്ലെങ്കില്‍ ബോര്‍ഡ് എന്‍ ഒ സി പിന്‍വലിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇഷ്ടമുണ്ടായിട്ടല്ലെങ്കിലും താന്‍ വിരമിച്ചത്.

41 കാരനായ ചന്ദര്‍പോള്‍ 2015 മെയ് മാസത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കളിച്ചിട്ടില്ല. ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തത് കൊണ്ടാണ് ദുബായിലെ മാസ്റ്റേഴ്‌സ് ലീഗില്‍ കളിക്കാന്‍ വന്നതെന്നാണ് ചന്ദര്‍പോള്‍ പറയുന്നത്. ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിന്റെ ജെമിനി അറേബ്യന്‍സിന് വേണ്ടിയാണ് ചന്ദര്‍പോള്‍ എം സി എല്ലില്‍ കളിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരമായ ബ്രയാന്‍ ലാറയും എം സി എല്ലിലുണ്ട്.