ദില്ലി: ബിസിസിഐയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ സൗരവ് ഗാംഗുലി താന്‍ നേരത്തേ നല്കിയ വാഗ്ദാനം പാലിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനായിരിക്കും താന്‍ പരിഗണന നല്‍കുകയെന്ന് നേരത്തേ പ്രഖ്യാപിച്ച ദാദ അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. അന്താരാഷ്ട്ര താരങ്ങളെപ്പോലെ ഇനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്കും കരാര്‍ കൊണ്ടു വരാനാണ് ഗാംഗുലിയുടെ നീക്കം. ഇതു പ്രാബല്യത്തില്‍ വന്നാല്‍ രാജ്യത്തെ ആയിരത്തോളം വരുന്ന ഫസ്റ്റ് ക്ലാസ് താരങ്ങള്‍ക്കു ഗുണം ചെയ്യും.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്കു കരാര്‍ സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയതായും പുതിയ ഫിനാന്‍സ് കമ്മിറ്റിയെ ഇതിനു ചുമതലപ്പെടുത്തിയതായും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ വലിയസാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവരുടെ ഉന്നമനത്തിനായി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ദാദ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കരാര്‍ സംവിധാനം നടപ്പാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, ഓരോ സംസ്ഥാനത്തിന്റെയും പ്രവര്‍ത്തന ശൈലിയില്‍ വ്യത്യാസമുണ്ട്. എങ്കിലും ഈ പ്രതിസന്ധികളെല്ലാം മറികടന്നു കരാര്‍ സംവിധാനം കൊണ്ടു വരാന്‍ തന്നെയാണ് ദാദയുടെ ശ്രമം.
എന്തുകൊണ്ട് അക്കാര്യം മറച്ചു വച്ചു? ഷാക്വിബിനെതിരേ വിലക്ക് വന്നേക്കും!! ഐസിസി കലിപ്പില്‍
നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു താരത്തിനു ലഭിക്കുന്ന ശരാശരി വരുമാനം 25 മുതല്‍ 30 ലക്ഷെ രൂപ വരെയാണ്. ഒരു ഫസ്റ്റ് ക്ലാസ് മല്‍സരത്തിന് പ്രതിദിനം ഏകദേശം 35,000 രൂപയാണ് ഒരു കളിക്കാരനു ലഭിക്കുക. ബ്രോഡ്കാസ്റ്റ് റൈറ്റിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 13 ശതമാനം ബിസിസിഐ താരങ്ങള്‍ക്കു വീതിച്ചു നല്‍കുകയും ചെയ്യാറുണ്ട്.