ജോഹന്നാസ്ബര്‍ഗ്: നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങാന്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടീമിനൊപ്പം ഇല്ല എന്ന സത്യം ഉള്‍ക്കൊള്ളണമെന്ന് സഹകളിക്കാര്‍ക്ക് ധോണിയുടെ ഉപദേശം. കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടായി ടീമിന് താങ്ങായും തണലായും സച്ചിന്‍ എന്ന പ്രതിഭാസം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സച്ചിന്‍ ടീമിലില്ല. സച്ചിനില്ലാതെ മുന്നോട്ടുപോകാന്‍ ടീം പഠിച്ചേ മതിയാകൂ - ധോണി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ധോണി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ച ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് മത്സരമാണിത്. സച്ചിന് പകരം വിരാട് കോലിയായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി നാലാം നമ്പറില്‍ ബാറ്റിംഗിനെത്തുക. കോലിയുടെ പൊസിഷനായ അഞ്ചില്‍ രോഹിത് ശര്‍മ ഇടം കണ്ടെത്തും.

1996 ന് ശേഷം ഇതാദ്യമായാണ് സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഗാംഗുലി എന്നിവരില്‍ ആരെങ്കിലും ഒരാളില്ലാതെ ഇന്ത്യ ഒരു ടെസ്റ്റ് കളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണകാലഘട്ടത്തിന്റെ അടയാളമാണ് മേല്‍പ്പറഞ്ഞ ഫാബുലസ് ഫോര്‍. ഇവരുടെ അഭാവം നികത്താന്‍ വിരാട് കോലിക്കും ചേതേശ്വര്‍ പൂജാരയ്ക്കും രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനും കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ടീം ഇന്ത്യയുടെ ഭാവി.
ഏകദിനപരമ്പരയിലെ സമ്പൂര്‍ണ പരാജയത്തിന് ശേഷമാണ് ഇന്ത്യ ടെസ്റ്റിനായി ഇറങ്ങുന്നത്. ഡെയ്ല്‍ സ്റ്റെയിനും മോണി മോര്‍ക്കലും നയിക്കുന്ന അതിവേഗ ബൗളിംഗ് നിരയെ നേരിടുക എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. ബൗളിംഗില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന സഹീര്‍ ഖാനിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കൂട്ടത്തില്‍ പുതിയ കണ്ടെത്തലായ മുഹമ്മദ് ഷമിയുമുണ്ട്.