മെല്‍ബണ്‍: താരങ്ങള്‍ മാന്യമായി പെരുമാറിയില്ല എന്നാരോപിച്ച് പാകിസ്താന്റെ ഫീല്‍ഡിംഗ് കോച്ച് ഗ്രാന്റ് ലുഡന്‍ രാജിവെച്ചു. ഇത്തരത്തില്‍ ഒന്നുമല്ലെങ്കിലും ഇന്ത്യയുടെ കോച്ച് ഡങ്കന്‍ ഫ്ളച്ചറിനുമുണ്ടോ ചില പരാതികള്‍. ഫ്ളച്ചറിനെ മറികടന്ന് ടീം ഡയറക്ടര്‍ രവി ശാസ്ത്രി കളിക്കാരെ നിയന്ത്രിക്കുന്നതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലംഗ്ഹാമിലെ ടീം ഹോട്ടലില്‍ വെച്ച് രവി ശാസ്ത്രി കളിക്കാരുമായി കൂടിക്കാഴ്ച നടത്തി എന്നും ഇക്കാര്യം ഫ്ളച്ചറിനെ അറിയിച്ചുപോലും ഇല്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്തെ തുടര്‍ച്ചയായ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി രവി ശാസ്ത്രിയെ നിയമിച്ചത്. ഇത് ഡങ്കന്‍ ഫ്ളച്ചറിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനാണെന്ന് ഇതിന് മുമ്പും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇത്തരം ബാലിശമായ കാര്യങ്ങളിലൂടെ ഫ്ളച്ചറിനെ മൂലക്കിരുത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ല എന്നാണ് ബി സി സി ഐ വൃത്തങ്ങള്‍ വാര്‍ത്തയോട് പ്രതികരിച്ചത്. ലോകകപ്പ് കഴിയുന്നത് വരെയാണ് ഫ്ളച്ചറിന്റെ കോണ്‍ട്രാക്ട്. അദ്ദേഹം അതിന് ശേഷം തുടരാന്‍ താല്‍പര്യം കാണിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. ലോകകപ്പിന് ശേഷം പിരിഞ്ഞുപോകുന്ന ഒരാളോട് ഇങ്ങനെ ചെയ്യേണ്ട കാര്യം എന്താണ്.
വാര്‍ത്ത വന്നത് പോലെ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്. ബൗളിംഗും കോച്ച് ഭരത് അരുണും ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറും ചേര്‍ന്ന് ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടി ടീം ഹോട്ടലില്‍ പോയതാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. മറിച്ചുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടികള്‍ മാത്രമാണെന്നും ഇന്ത്യന്‍ ടീമിന്റെ മീഡിയ മാനേജര്‍ ആര്‍ എന്‍ ബാബ പറഞ്ഞു.