സഞ്ജുവിന്റെ കഥ കഴിഞ്ഞിട്ടില്ല, തിരിച്ചുവരാൻ ഇനിയും സാധ്യതയുണ്ട്! ഈ മൂന്ന് തന്ത്രങ്ങൾ അതിന് വഴിയൊരുക്കും
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ കൗമാര താരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തോടെ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ പ്ലേയിംഗ് ഇലവന് പുറത്തായിരിക്കുകയാണ്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ 3 മത്സരങ്ങളിൽ നിന്ന് വെറും 6 റൺസ് മാത്രം നേടാനായതാണ് സഞ്ജുവിന് തിരിച്ചടിയായത്. അഭിഷേക് ശർമ്മ-വൈഭവ് സൂര്യവംശി എന്ന ഇടംകയ്യൻ ഓപ്പണിംഗ് കൂട്ടുകെട്ടുമായി മുന്നോട്ട് പോകാൻ മാനേജ്മെന്റ് തീരുമാനിച്ചാൽ സഞ്ജുവിന്റെ തിരിച്ചുവരവ് കഠിനമാകും.
എങ്കിലും, കരിയറിൽ ഒട്ടനവധി തവണ ശക്തമായി തിരിച്ചുവന്നിട്ടുള്ള സഞ്ജുവിന് മുന്നിൽ ഇന്ത്യൻ ടീമിലേക്കുള്ള വാതിലുകൾ ഇപ്പോഴും പൂർണ്ണമായി അടഞ്ഞിട്ടില്ല. വരാനിരിക്കുന്ന മത്സരങ്ങളിൽ സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്താൻ സാധ്യമായ 3 വഴികൾ താഴെ പറയുന്നവയാണ്:

1. ഓപ്പണർമാരുടെ റൊട്ടേഷൻ പോളിസി
ഇന്ത്യൻ ഓപ്പണർമാരുടെ അതിശക്തമായ ആക്രമണ ശൈലി കാരണം ചിലപ്പോൾ ഏതാനും മത്സരങ്ങളിൽ ഫോം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മുൻപ് അഭിഷേക് ശർമ്മയും ഇത്തരം ഫോമില്ലായ്മയിലൂടെ കടന്നുപോയതാണ്. ഓപ്പണിംഗിൽ ഫോം വീണ്ടെടുക്കാൻ ബുദ്ധിമുട്ടുന്ന താരങ്ങൾക്ക് വിശ്രമം നൽകുമ്പോൾ പകരക്കാരനായി ഇറക്കാൻ ഇന്ത്യയുടെ ഏറ്റവും മികച്ച ചോയ്സ് സഞ്ജു തന്നെയാണ്.
കൂടാതെ, നിലവിലെ രണ്ട് ഓപ്പണർമാരും (അഭിഷേക്, വൈഭവ്) ഇടംകയ്യന്മാരാണ്. ടി20 ലോകകപ്പിൽ കണ്ടതുപോലെ എതിരാളികളുടെ ഓഫ് സ്പിന്നർമാർ ഈ ഇടംകയ്യൻ സഖ്യത്തെ സമ്മർദ്ദത്തിലാക്കിയാൽ, തന്ത്രപരമായ ഒരു മാറ്റമെന്ന നിലയിൽ വലംകയ്യനായ സഞ്ജുവിനെ ഓപ്പണിംഗിലേക്ക് ഇന്ത്യയ്ക്ക് തിരികെ കൊണ്ടുവരാം.
2. മൂന്നാം നമ്പറിലെ വിശ്വസ്തനായി
രാജസ്ഥാൻ റോയൽസിന് വേണ്ടി വർഷങ്ങളായി മൂന്നാം നമ്പറിൽ കളിച്ച് മികച്ച പരിചയസമ്പത്തുള്ള താരമാണ് സഞ്ജു. പുതിയ പന്തിനെ നേരിടാൻ ഓപ്പണിംഗിൽ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, സഞ്ജുവിനെ വൺ ഡൗണായി പരീക്ഷിക്കുന്നത് നന്നായിരിക്കും. നിലവിൽ ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ ഇടംകയ്യൻമാരുടെ അതിപ്രസരമാണ്. ഇതിനൊരു മാറ്റം വരുത്താൻ വലംകയ്യനായ സഞ്ജുവിനെ മൂന്നാം നമ്പറിലിറക്കുന്നത് എതിർ ടീമിന്റെ പ്ലാനിംഗിനെ തകിടം മറിക്കും.
മിഡിൽ ഓവറുകളിൽ സ്പിന്നിനെതിരെ സഞ്ജുവിന് മികച്ച റെക്കോർഡാണുള്ളത്. ഐപിഎൽ 2026-ൽ 191.00 ഉം, അന്താരാഷ്ട്ര ടി20യിൽ 190.5 ഉം ആണ് മിഡിൽ ഓവറുകളിലെ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. ക്രീസിൽ നിലയുറപ്പിച്ചാൽ വലിയ ഇന്നിംഗ്സുകൾ കളിക്കാൻ കെൽപ്പുള്ള സഞ്ജുവിന് മൂന്നാം നമ്പർ തികച്ചും അനുയോജ്യമാണ്.
3. അഞ്ചാം നമ്പറിലെ ഫിനിഷറായി
ഇന്ത്യൻ മാനേജ്മെന്റ് നിലവിലെ ടോപ്പ് ത്രീ സഖ്യവുമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ ഒരു പുതിയ റോൾ കണ്ടെത്തേണ്ടി വരും. നിലവിൽ അഞ്ചാം നമ്പറിൽ കളിക്കുന്ന തിലക് വർമ്മ റൺസ് കണ്ടെത്താൻ പാടുപെടുകയാണ്. സൂര്യകുമാർ യാദവ്, രജത് പാട്ടിദാർ എന്നിവരുടെ സാന്നിധ്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സഞ്ജുവിനെ അഞ്ചാം നമ്പറിൽ ഫിനിഷറായി ഇന്ത്യയ്ക്ക് പരീക്ഷിക്കാവുന്നതാണ്.
മുൻപ് 2025-ൽ ശുഭ്‌മൻ ഗിൽ ടീമിലേക്ക് തിരിച്ചുവന്നപ്പോൾ സഞ്ജുവിനെ അഞ്ചാം നമ്പറിലേക്ക് മാറ്റിയിരുന്നു. അന്ന് ഏഷ്യാ കപ്പിലെ 3 മത്സരങ്ങളിൽ നിന്ന് 116.39 സ്ട്രൈക്ക് റേറ്റിൽ 71 റൺസാണ് സഞ്ജു നേടിയത്. മിഡിൽ ഓവറുകളിൽ ശിവം ദുബെ, അക്സർ പട്ടേൽ എന്നീ ഇടംകയ്യൻമാർക്കൊപ്പം ഒരു വലംകയ്യൻ ബാറ്ററായ സഞ്ജു കൂടി എത്തുന്നത് ഇന്ത്യൻ ബാറ്റിംഗിന് കൂടുതൽ കരുത്ത് പകരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications