'പാകിസ്താന്റെ കളി കാണാന്‍ ആളില്ല', കാരണം അറിയാം, എന്നാല്‍ അവര്‍ വിശദീകരിക്കണം- വസിം അക്രം
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം സമീപകാലത്തായി വളരെ മികച്ച പ്രകടനം നടത്തുന്ന ടീമാണ്. ബാബര്‍ ആസമിന്റെ ക്യാപ്റ്റന്‍സിയില്‍ ഗംഭീര പ്രകടനമാണ് ടീം സമീപകാലത്തായി കാഴ്ചവെക്കുന്നത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെയടക്കം തോല്‍പ്പിച്ച് ശ്രദ്ധേയ പ്രകടനം നടത്താന്‍ ബാബറിനും സംഘത്തിനും സാധിച്ചിരുന്നു. മുഹമ്മദ് റിസ്വാന്‍, ആസിഫ് അലി, ഷദാബ് ഖാന്‍, ഫഖര്‍ സമാന്‍, ഷഹീന്‍ അഫ്രീദി തുടങ്ങിയ പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ടനിര പാകിസ്താന്‍ ടീമിലുണ്ട്.
ഇടവേളക്ക് ശേഷം സ്വന്തം തട്ടകത്തില്‍ പാകിസ്താന്‍ ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കളിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരം കറാച്ചിയില്‍ 13ാം തീയ്യതിയാണ് നടന്നത്. പാകിസ്താന്‍ 63 റണ്‍സിന്റെ ഗംഭീര ജയം നേടിയെങ്കിലും മത്സരം കാണാന്‍ ആളില്ലായിരുന്നുവെന്നത് വളരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇടവേളക്ക് ശേഷം കറാച്ചിയില്‍ മത്സരം നടന്നിട്ടും കാണാന്‍ ആളില്ലെന്നതാണ് പിസിബിയെ ഞെട്ടിച്ചിരിക്കുന്നത്.

ഇപ്പോഴിതാ പാകിസ്താന്‍-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടി20 കാണാന്‍ കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് എത്താത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് മുന്‍ പാക് നായകനും ഇതിഹാസ പേസറുമായ വസിം അക്രം. സ്റ്റേഡിയത്തില്‍ ആളില്ലാത്തതിന്റെ കാരണം തനിക്ക് അറിയാമെന്നും എന്നാല്‍ എന്തുകൊണ്ടാണ് കാണികള്‍ എത്താതിരുന്നതെന്ന് ഉത്തരവാദത്തപ്പെട്ടവര്‍ വിശദീകരിക്കണമെന്നുമാണ് വസിം അക്രം പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'പാകിസ്താന്‍-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടി20യിലെ ഒഴിഞ്ഞ സ്‌റ്റേഡിയം കാണുമ്പോള്‍ വളരെ നിരാശതോന്നുന്നു. പ്രത്യേകിച്ച് പാകിസ്താന്‍ സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തില്‍. എന്തുകൊണ്ടാണ് കാണികള്‍ എത്താതിരുന്നതെന്ന് എനിക്കറിയാം. എന്നാല്‍ നിങ്ങളില്‍ നിന്നത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പറയൂ എവിടെയാണ് ആരാധകര്‍?എന്തുകൊണ്ടാണ് അവര്‍ എത്താതിരുന്നത്?'-ട്വിറ്ററിലൂടെ വസിം അക്രം പ്രതികരിച്ചു.

സമീപകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ തന്നെയാണ് മത്സരം കാണാന്‍ ആരാധകര്‍ എത്താതിരുന്നതെന്ന് അനുമാനിക്കാം. ന്യൂസീലന്‍ഡ് പരമ്പര കളിക്കാനായി പാകിസ്താനില്‍ എത്തുകയും മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി പരമ്പരയില്‍ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇംഗ്ലണ്ട് പാകിസ്താനില്‍ കളിക്കാനിരുന്ന പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. ഇത് ആരാധകര്‍ ഗ്യാലറിയിലേക്കെത്താതിരിക്കാന്‍ കാരണമായെന്ന് പറയാം.
സാധാരണ രീതിയില്‍ വലിയ ആരാധക പിന്തുണ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് ലഭിക്കാറുണ്ട്. പാകിസ്താനില്‍ ക്രിക്കറ്റിന് വലിയ പ്രചാരവുമുണ്ട്. എന്നാല്‍ സമീപകാലത്തെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രമുഖ ടീമുകളുടെ പിന്മാറ്റം ആരാധകരെയും സ്റ്റേഡിയത്തിലേക്കെത്തിക്കുന്നതില്‍ നിന്ന് പിന്നോട്ട് ചിന്തിപ്പിച്ചെന്ന് പറയാം. എന്തായാലും പാകിസ്താന്‍ ടീമിനെയും പിസിബിയേയും വലിയ നാണക്കേടിലേക്ക് തള്ളിവിട്ടിരിക്കുന്ന സംഭവമാണിത്.

മൂന്ന് മത്സര ടി20 പരമ്പര പാകിസ്താന്‍ 2-0ന് ഉറപ്പിച്ച് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 19 ഓവറില്‍ 137 റണ്‍സിന് ഓള്‍ഔട്ടായി. മുഹമ്മദ് റിസ്വാന്‍ (78), ഹൈദര്‍ അലി (68) എന്നിവരാണ് പാക് നിരയില്‍ ടോപ് സ്‌കോററായത്. ബാബര്‍ ആസം പൂജ്യത്തിന് പുറത്തായി. മുഹമ്മദ് വാസിം നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.
രണ്ടാം മത്സരത്തില്‍ 9 റണ്‍സിനാണ് പാകിസ്താന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 163 റണ്‍സിലൊതുങ്ങി. മുഹമ്മദ് റിസ്വാന്‍ (38), ഇഫ്തിഖര്‍ അഹമ്മദ് (32), ഹൈദര്‍ അലി (31) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി മൂന്നും മുഹമ്മദ് നവാസ്, മുഹമ്മദ് വാസിം, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും പങ്കിട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications