T20 World Cup 2026: രോഹിത്തിനെ കെട്ടിപ്പിടിച്ചു, അക്രമിന് നാട്ടില്‍ 'പൊങ്കാല'!
കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പിൽ അരങ്ങേറിയ ഹസ്തദാന വിവാദത്തിന്റെ ചുവട് പിടിച്ച് 2026 ടി20 ലോകകപ്പിലും വിവാദങ്ങൾ ഉയരുകയാണ്. ഇത്തവണ അത് ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരിലൂടെയല്ല ഉടലെടുത്തത് എന്ന് മാത്രം. കൊളംബോയിൽ നടന്ന ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് മുമ്പ് ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മയെ കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട മുൻ നായകൻ വസീം അക്രമിനെതിരെ പാകിസ്ഥാനിൽ കടുത്ത വിമർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പിരിമുറുക്കം കാരണം ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് കൈകൊടുക്കാൻ പോലും തയ്യാറാകാത്ത സാഹചര്യത്തിൽ അക്രമിന്റെ ഈ പ്രവർത്തി ശരിയായില്ലെന്നാണ് പാക് മാധ്യമങ്ങളിലെ സംസാരം.
വിവാദത്തിന്റെ തുടക്കം:
ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഘയ്ക്ക് കൈകൊടുക്കാൻ വിസമ്മതിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം 2025 ഓഗസ്റ്റ് മുതൽ ഇന്ത്യ സ്വീകരിച്ചുവരുന്ന നിലപാടാണിത്. എന്നാൽ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡറായ രോഹിത് ശർമ്മയും കമന്റേറ്ററായ വസീം അക്രമും തമ്മിൽ യാതൊരു വിരോധവുമില്ലാതെ ചിരിച്ചുകൊണ്ട് സംസാരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പാകിസ്ഥാനിൽ വിമർശനം ഉയർന്നത്.

മുഹമ്മദ് ആമിറിന്റെയും ഷെഹ്‌സാദിന്റെയും പ്രതികരണം:
മുൻ പാക് ഓപ്പണർ അഹമ്മദ് ഷെഹ്‌സാദും മുഹമ്മദ് ആമിറും അക്രമിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്തു. "ഇന്ത്യൻ ടീം നമ്മളെ ഒഴിവാക്കുമ്പോൾ വസീം ഭായ് എന്തിനാണ് ഇത്രയും സ്നേഹം കാണിക്കുന്നത്?" എന്ന തരത്തിലാണ് ചർച്ചകൾ നടന്നത്. "ഇന്ത്യക്ക് കൈകൊടുക്കാൻ മടിയാണെങ്കിൽ കൈ സാനിറ്റൈസ് ചെയ്ത ശേഷം ഹസ്തദാനം ചെയ്യട്ടെ," എന്ന് മുഹമ്മദ് ആമിർ പരിഹസിച്ചു. ബഹിഷ്കരണ ഭീഷണി മുഴക്കിയിട്ട് ഒടുവിൽ കളിക്കാൻ വന്ന പാകിസ്ഥാൻ ഇത്തരം കാര്യങ്ങളിൽ ഇത്ര വലിയ വാശി കാണിക്കേണ്ടതില്ലെന്നും ആമിർ കൂട്ടിച്ചേർത്തു.
സൂപ്പർ 8 ഉറപ്പിച്ച് ഇന്ത്യ:
വിവാദങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ മൈതാനത്ത് പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടി. 176 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് കൂടാരം കയറി. ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇൻഡീസിനും പിന്നാലെയാണ് ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഇനി പാകിസ്ഥാന് സൂപ്പർ എട്ട് ഉറപ്പിക്കണമെങ്കിൽ നമീബിയയ്ക്കെതിരെ വിജയം നേടണം. നെതർലാൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പതിനെട്ടാം തിയതി നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നേ ഇന്ത്യ സൂപ്പർ 8 ഉറപ്പാക്കിയതിനാൽ, ബെഞ്ചിൽ ഇരിക്കുന്ന പല താരങ്ങൾക്കും അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ, മലയാളി താരം സഞ്ജു സാംസണ് വീണ്ടുമൊരു ലോകകപ്പ് അവസരം കൂടി ലഭിക്കും. നമീബിയയ്ക്കെതിരെ പാകിസ്ഥാൻ പരാജയപ്പെടുകയാണെങ്കിൽ, യുഎസ്എയ്ക്ക് സൂപ്പർ എട്ടിലേക്കുള്ള സാധ്യതകൾ വർധിക്കും. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് നമീബിയ - പാകിസ്ഥാൻ മത്സരം. വൈകീട്ട് ഏഴിന് ഇന്ത്യ - നെതർലാൻഡ്സ് മത്സരവും അരങ്ങേറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications