ചെംസ്‌ഫോര്‍ഡ്: എസെക്‌സിനെതിരായ ത്രിദിന സന്നാഹ ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരുഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 44 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയേ അഭിമുഖീകരിച്ച ഇന്ത്യ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റിന് 322 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യ.

നാല് അര്‍ധസെഞ്ച്വറികളാണ് ഒന്നാംദിനം ഇന്ത്യയെ ശക്തമായ തിരിച്ചുവരവിലേക്ക് നയിച്ചത്. വീണു കിട്ടിയ സുവര്‍ണാവസരം മുതലാക്കി വിക്കറ്റ്കീപ്പര്‍ ദിനേഷ് കാര്‍ത്തിക് (82*) ഇന്ത്യന്‍ നിരയില്‍ മിന്നി. ക്യാപ്റ്റന്‍ വിരാട് കോലി (68), ലോകേഷ് രാഹുല്‍ (58), ഓപ്പണര്‍ മുരളി വിജയ് (53) എന്നിവരും ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.
ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ കാര്‍ത്തികിനൊപ്പം 33 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയാണ് ക്രീസില്‍. ടീം സ്‌കോര്‍ ബോര്‍ഡ്് ഒരു റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. അക്കൗണ്ട് തുറക്കുംമുമ്പ് ശിഖര്‍ ധവാനെയാണ് ഇന്ത്യക്ക് നഷ്ടമായത്. തൊട്ടുപിന്നാലെ ഒരു റണ്‍സെടുത്ത ചെതേശ്വര്‍ പുജാരയെയും ഇന്ത്യക്ക് നഷ്ടമാവുമ്പോള്‍ ടീം സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമാണുണ്ടായിരുന്നത്.
94 പന്തില്‍ 14 ബൗണ്ടറിയുള്‍പ്പെടുന്നതാണ് കാര്‍ത്തികിന്റെ ഇന്നിങ്‌സ്. 93 പന്ത് നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ 12 ബൗണ്ടറികളുണ്ടായിരുന്നു. 92 പന്തില്‍ 12 ബൗണ്ടറിയുള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. 113 പന്ത് നേരിട്ട വിജയിയുടെ ഇന്നിങ്‌സില്‍ ഏഴ് ബൗണ്ടറികളുണ്ടായിരുന്നു.
എസെക്‌സിനു വേണ്ടി മാറ്റ് കോള്‍സും പോള്‍ വാള്‍ട്ടറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാത്യു ക്വിന്നും ആരോണ്‍ നിജാറും ഓരോ വിക്കറ്റ് വീതം നേടി.