കറാച്ചി: പാകിസ്താന് ക്രിക്കറ്റ് ടീം കോച്ച് വഖാര്‍ യൂനിസ് രാജിവെച്ചതായി റിപ്പോര്‍ട്ട്. നേരത്തെ ട്വന്റി 20 ലോകകപ്പിലെ മങ്ങിയ പ്രകടനത്തിന് പിന്നാലെ ഷാഹിദ് അഫ്രീദി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു. ലോകകപ്പോടെ അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കളിക്കാരനായി ടീമില്‍ തുടരാനാണ് 36കാരനായ അഫ്രീദിയുടെ തീരുമാനം.
ഇന്ത്യ ജയിച്ചു, ആര്‍ഷി ഖാന് വാക്കുപാലിച്ചു, തുണിയുരിഞ്ഞു.. വീഡിയോ കാണൂ...
വഖാര്‍ യൂനിസ് പരിശീലക സ്ഥാനം രാജിവെച്ചതായി പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കനത്ത ദുഖത്തോടെയാണ് താന്‍ പരിശീലക സ്ഥാനം ഒഴിയുന്നത് എന്ന് ലാഹോറില്‍ വഖാര്‍ യൂനിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് രണ്ടാം തവണയാണ് വഖാര്‍ പാകിസ്താന് ടീമിന്റെ കോച്ചായി സ്ഥാനമേറ്റത്. 2014 ലായിരുന്നു വഖാറിന്റെ രണ്ടാമൂഴം തുടങ്ങിയത്. നേരത്തെ 2010 - 11 കാലത്തും വഖാര്‍ പാക് ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്ഖഖിനൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്താന്‍ 44 കാരനായ വഖാര്‍ യൂനിസിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് റാങ്കിംഗില്‍ പാക് ടീം രണ്ടാം റാങ്ക് വരെ എത്തി. എന്നാല്‍ ഏകദിനത്തിലും ട്വന്റി 20 യിലും ആ മികവ് നിലനിര്‍ത്താന്‍ പാകിസ്താന് സാധിച്ചില്ല. ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്ന വഖാര്‍ യൂനിസ് പാക് ടീമിനെ നയിച്ചിട്ടുമുണ്ട്.
ലോകകപ്പില്‍ ഇന്ത്യയോടും ന്യൂസിലന്‍ഡിനോടും ഓസ്ട്രേലിയോടും തോറ്റാണ് പാകിസ്താന് പുറത്തായത്. ഇന്ത്യയോട് കളി തോറ്റതോടെ പാകിസ്താനില്‍ ടീമിനെതിരെ ആരാധകരും മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. നേരത്തെ ഏഷ്യാകപ്പിലും പാകിസ്താന് ഇന്ത്യയോട് തോറ്റിരുന്നു. ലോകകപ്പോടെ അഫ്രീദിയുടെ ക്യാപ്റ്റന്‍സി നഷ്ടമാകുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് ഷഹരിയാര്‍ ഖാന് നേരത്തെ പറഞ്ഞിരുന്നു. ലോകകപ്പിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയയ ശേഷമാണ് അഫീദി രാജി പ്രഖ്യാപിച്ചത്.