ആന്റിഗ്വ: ടെസ്റ്റ് കരിയറിലെ ആദ്യത്തെ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഒരു സ്‌പെഷല്‍ സമ്മാനം. ഇതിഹാസ ബാറ്റ്‌സ്മാന്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ മകന്‍ മാലി അലക്‌സാണ്ടര്‍ റിച്ചാര്‍ഡ്‌സിന്റെ വകയാണ് കോലിക്ക് കിട്ടിയ ഈ സ്‌നേഹസമ്മാനം. അച്ഛന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനൊപ്പം ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടല്‍ സന്ദര്‍ശിച്ചാണ് മാലി അലക്‌സാണ്ടര്‍ കോലിക്ക് സമ്മാനം കൈമാറിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡബിള്‍ സെഞ്ചുറി ആഘോഷിക്കുന്ന ഒരു പെയിന്റിംഗായിരുന്നു ഈ സമ്മാനം. വിരാട് കോലിയുടെ വലിയ ആരാധകനാണ് മാലി അലക്‌സാണ്ടര്‍. ക്രിക്കറ്റ് താരമാണ് മാലിയും. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും മാലി കളിച്ചിട്ടുണ്ട്. ഹൗസ് ഓഫ് ക്രിയേറ്റിവിറ്റി എന്ന പേരില്‍ ഒരു ആര്‍ട്ട് ഗാലറി തന്നെ മാലിക്ക് സ്വന്തമായുണ്ട് എന്ന് ബി സി സി ഐ വെബ്‌സൈറ്റ് പറയുന്നു.

കോലിക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു എന്ന് മാലി അലക്‌സാണ്ടര്‍ ബി സി സി ഐ വെബ്‌സൈറ്റിനോട് പറഞ്ഞു. ഒറ്റ ദിവസം കൊണ്ടാണ് തങ്ങള്‍ ഈ പെയിന്റിംഗ് വരച്ചുതീര്‍ത്തത് എന്നും അദ്ദേഹം പറഞ്ഞു. ആന്റിഗ്വയില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരിലുള്ള സ്റ്റേഡിയത്തിലാണ് വിരാട് കോലി ആദ്യത്തെ ഇരട്ടസെഞ്ചുറി നേടിയത്. കളി ഇന്ത്യ ഇന്നിംഗ്‌സിന് ജയിച്ചു.
ഇതിഹാസ താരമായ വിവിയന്‍ റിച്ചാര്‍ഡ്‌സ് ഇന്ത്യന്‍ ടീമിന്റെ ഹോട്ടലില്‍ സന്ദര്‍ശനം നടത്തിയത് കോലിയെയും ആവേശവാനാക്കി. റിച്ചാര്‍ഡ്‌സിനൊപ്പം ഒരു സെല്‍ഫി ക്യാപ്റ്റന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മറക്കാനാവാത്ത നിമിഷം. മഹാന്മാരില്‍ മഹാനായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനൊപ്പം. അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വര്‍ണം പോലെയായിരുന്നു - കോലി ട്വീറ്റ് ചെയ്തു. ആന്റിഗ്വ ടെസ്റ്റില്‍ കമന്ററി പറയാനുണ്ടായിരുന്ന വിവ് കോലിയെ അകമഴിഞ്ഞ് പ്രശംസിച്ചിരുന്നു.