ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പുതിയ വിസ്മയമായി മാറിയിരിക്കുകയാണ് 15-കാരനായ വൈഭവ് സൂര്യവംശി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 36 പന്തിൽ സെഞ്ചുറി കുറിച്ച ഈ കൗമാരക്കാരന്റെ ബാറ്റിംഗ് കണ്ട് അക്ഷരാർത്ഥത്തിൽ കണ്ണുതള്ളിയിരിക്കുകയാണ് മുൻ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ വീരേന്ദർ സെവാഗ്. വൈഭവിനെ പ്രശംസിക്കാൻ വാക്കുകളില്ലെന്നും 15 വയസ്സുള്ള ഒരു കുട്ടിയുടെ മനോഭാവം (Mindset) തന്നെ അമ്പരപ്പിക്കുന്നുവെന്നും സെവാഗ് തുറന്നുപറഞ്ഞു.
" speechless... വെൽ ഡൺ സൂര്യവംശി!"
വൈഭവിന്റെ ഇന്നിംഗ്‌സിനെക്കുറിച്ച് സെവാഗ് പ്രതികരിച്ചത് ഇങ്ങനെയാണ്: "സത്യം പറഞ്ഞാൽ എനിക്ക് വാക്കുകളില്ല. 15 വയസ്സുള്ള ഒരു കുട്ടിയുടെ പ്രകടനമാണിതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കഴിഞ്ഞ സീസണിൽ 14-ാം വയസ്സിൽ 40 പന്തിൽ സെഞ്ചുറി നേടിയ താരം ഇത്തവണ അത് 36 പന്തിൽ പൂർത്തിയാക്കിയിരിക്കുന്നു. അവൻ പായിച്ച ഓരോ ഷോട്ടുകളും അത്രമേൽ മനോഹരമായിരുന്നു, ഒരു ബൗളറെ പോലും അവൻ വെറുതെ വിട്ടില്ല. വെൽ ഡൺ സൂര്യവംശി!"

"പത്താം ക്ലാസ് കഴിഞ്ഞാണ് ഞാൻ കളി തുടങ്ങിയത്!"
വൈഭവിന്റെ പ്രായവും പ്രകടനവും തമ്മിലുള്ള പൊരുത്തം നോക്കുമ്പോൾ തനിക്ക് ചിരിയാണ് വരുന്നതെന്ന് സെവാഗ് പരിഹസിച്ചു. "ഞാൻ എന്റെ 15-ാം വയസ്സിനെക്കുറിച്ച് ആലോചിച്ചു പോവുകയാണ്. അന്ന് ഞങ്ങൾ എന്താണ് ചെയ്തിരുന്നത്? എനിക്ക് ആ പ്രായത്തിൽ ക്രിക്കറ്റ് മര്യാദയ്ക്ക് കളിക്കാൻ പോലും അറിയില്ലായിരുന്നു. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് ശേഷമാണ് ഞാൻ ക്രിക്കറ്റ് ഗൗരവമായി പഠിച്ചു തുടങ്ങിയത്. എന്നാൽ ഇവിടെയിതാ ഒരു 15-കാരൻ ഉയർന്ന നിലവാരത്തിലുള്ള ക്രിക്കറ്റിൽ സെഞ്ചുറികൾ അടിച്ചു കൂട്ടുന്നു. എത്ര പ്രശംസിച്ചാലും അവന് അത് കുറഞ്ഞുപോകും," സെവാഗ് കൂട്ടിചേർത്തു.
സൺറൈസേഴ്‌സിനെതിരെ 37 പന്തിൽ 103 റൺസ് നേടിയ വൈഭവ്, ഈ സീസണിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറികളിലൊന്നിനാണ് ഉടമയായത്. രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കുമൊപ്പം ഓറഞ്ച് ക്യാപ് റേസിൽ വൈഭവ് മുന്നേറുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നതിന്റെ തെളിവായി സെവാഗ് ചൂണ്ടിക്കാട്ടുന്നു.
സൺറൈസേഴ്സിനെതിരെ വൈഭവിന്റെ സെഞ്ച്വറി കരുത്തിൽ രാജസ്ഥാൻ 228 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയെങ്കിലും എസ്ആർഎച്ച് ബാറ്റിങ് നിര ആ സ്കോർ 9 പന്തുകൾ ശേഷിക്കെ മറികടന്നു. എങ്കിലും 36 പന്തുകളിൽ സെഞ്ച്വറി നേടിയ ആ ബാലന്റെ മനോഭാവത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. താൻ വൈഭവിന്റെ ഫാനായി പോയി എന്നായിരുന്നു എസ്ആർഎച്ച് നായകൻ പാറ്റ് കമ്മിൻസ് പറഞ്ഞത്. താനും തന്റെ കുടുംബവും വൈഭവിന്റെ ആരാധകരാണെന്നും രാജസ്ഥാന്റെ എല്ലാ മത്സരങ്ങളും കാണുമെന്നും മുൻ ഇന്ത്യൻ ഇതിഹാസം രവിചന്ദ്രൻ അശ്വിനും പറഞ്ഞിരുന്നു. 357 റൺസുമായി വൈഭവ് സൂര്യവംശി ഓറഞ്ച് ക്യാപ് റേസിൽ രണ്ടാം സ്ഥാനത്തുണ്ട്. ഈ തോൽവിയോടെ രാജസ്ഥാൻ നാലാം സ്ഥാനത്തും സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തേക്കും കുതിച്ചു.