ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകകളിലൊന്നായ 25.2 കോടി രൂപ നൽകി ടീമിലെത്തിച്ച കാമറൂൺ ഗ്രീൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തലവേദനയാകുന്നു. ഗ്രീനിന്റെ പ്രകടനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ വീരേന്ദർ സെവാഗ്, താരം ഇപ്പോൾ ടീമിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് തുറന്നടിച്ചു. പണം ചിലവാക്കിയല്ലോ എന്ന് കരുതി ഫോമിലല്ലാത്ത താരത്തെ കളിപ്പിക്കുന്നത് മണ്ടത്തരമാണെന്നാണ് സെവാഗിന്റെ നിരീക്ഷണം.
"നാണക്കേട് വിചാരിക്കാതെ പുറത്തിരുത്തൂ"
ഗ്രീനിന്റെ കാര്യത്തിൽ കെകെആർ മാനേജ്‌മെന്റ് കടുത്ത തീരുമാനങ്ങൾ എടുക്കണമെന്ന് സെവാഗ് ആവശ്യപ്പെട്ടു. "നിങ്ങൾ ഒരാൾക്ക് വേണ്ടി 25.2 കോടി രൂപ ചിലവാക്കി. ഇപ്പോൾ അവൻ നിങ്ങൾക്ക് ഒരു ബാധ്യതയായി മാറി. കളിപ്പിച്ചാൽ പ്രകടനമില്ല, കളിപ്പിക്കാതിരുന്നാൽ ഇത്രയും പണം ചിലവാക്കിയിട്ട് എന്തിനാണ് പുറത്തിരുത്തുന്നത് എന്ന് എല്ലാവരും ചോദിക്കും. ഇതിൽ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല. തെറ്റ് പറ്റിയെന്ന് സമ്മതിക്കുക, ഗ്രീനിനെ പുറത്തിരുത്തി മറ്റാരെയെങ്കിലും പരീക്ഷിക്കുക," സെവാഗ് പറഞ്ഞു.

ബൗളിംഗും ബാറ്റിംഗും ഫലിക്കുന്നില്ല
ഗ്രീനിന്റെ സാന്നിധ്യം ടീം കോമ്പിനേഷനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് സെവാഗ് ചൂണ്ടിക്കാട്ടി. ഗ്രീനിന്റെ ബൗളിംഗ് ടീമിനെ സഹായിക്കുന്നില്ലെന്നും ബാറ്റിംഗിൽ താരം പൂർണ്ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീനിന് പകരം ന്യൂസിലൻഡ് താരം ടിം സീഫെർട്ടിനെ ടീമിലെത്തിക്കണമെന്നാണ് സെവാഗിന്റെ നിർദ്ദേശം. "സീഫെർട്ട് പുറത്തിരിക്കുകയാണ്. അടുത്തിടെ ന്യൂസിലൻഡിനായി അദ്ദേഹം എത്ര മികച്ച രീതിയിലാണ് കളിച്ചതെന്ന് നമ്മൾ കണ്ടതാണ്. സീഫെർട്ടിനെ ഓപ്പണറായി കൊണ്ടുവന്ന് ടീമിന് ആവശ്യമായ അഗ്രസീവ് തുടക്കം നൽകണം," വീരു കൂട്ടിച്ചേർത്തു.
അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 33 റണഅസിന് പരാജയപ്പെടുത്തി. സഞ്ജു സാംസൺ, ആയുഷ് മാത്രേ, ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ മികച്ച ബാറ്റിങ് ചെന്നൈയ്ക്ക് 193 എന്ന സ്കോർ സമ്മാനിക്കുകയായിരുന്നു. സഞ്ജു 48 റണ്ണുകൾ നേടി ടോപ് സ്കോററായി. ബ്രെവിസ് 41 റൺസും ആയുഷ് മാത്രേ 38 റൺസും നേടി. കൊൽക്കത്തയുടെ സ്പിൻ അറ്റാക്ക് നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുകയും കാർത്തിക് ത്യാഗി മികച്ച രീതിയിൽ പന്തെറിയുകയും ചെയ്തതിനാലാണ് കെകെആറിന് ചെന്നൈയെ 193 എന്ന സ്കോറിൽ ഒതുക്കാൻ സാധിച്ചത്. കാർത്തിക് ത്യാഗി രണ്ടും അങ്കുൽ റോയ്, സുനിൽ നരൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
എന്നാൽ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയെ ചെന്നൈ ബൗളർമാർ വരിഞ്ഞ് മുറുക്കി. ഇംപാക്ട് പ്ലെയർ അക്കീൽ ഹുസൈനും നൂർ അഹമ്മദും മികച്ച രീതിയിൽ പന്തെറിയുകയും കൊൽക്കത്തയുടെ വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. നൂർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അക്കീൽ ഹുസൈൻ ഒന്നും അൻഷുൽ കാംബോജ് രണ്ടും ഖലീൽ അഹമ്മദ് ഒന്നും വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്നും ചെന്നൈ രണ്ട് ജയങ്ങൾ സമ്മാനിച്ചു.