IPL 2026: ഇത് പോലും നേടാനാകില്ലെങ്കിൽ, പിന്നെന്ത് പറയാനാണ്! സിഎസ്‌കെ പതനത്തിൽ 'വീരു' കലിപ്പിൽ
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഹൈദരാബാദിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയിട്ടും അത് പിന്തുടരാൻ കഴിയാത്ത ചെന്നൈയുടെ ബാറ്റിംഗ് നിര തീർത്തും ദുർബലമാണെന്ന് സെവാഗ് തുറന്നടിച്ചു.
"230 പ്രതീക്ഷിച്ചു, കിട്ടിയത് വെറും 194!"
ഹൈദരാബാദിന്റെ ബാറ്റിംഗ് കരുത്ത് വെച്ച് അവർ 230-240 റൺസ് നേടുമെന്നാണ് താൻ കരുതിയതെന്ന് സെവാഗ് പറഞ്ഞു. "ഹൈദരാബാദ് വലിയ സ്കോർ ഉയർത്തുമെന്നാണ് ഞാൻ വിചാരിച്ചത്, പക്ഷേ അവർക്ക് നേടാനായത് വെറും 194 റൺസ് മാത്രമാണ്. അത് ഹൈദരാബാദ് പിച്ചിനെ സംബന്ധിച്ചെടുത്തോളം അത്ര വലിയ ടോട്ടലൊന്നുമല്ല. 194 എന്ന ചെറിയ ലക്ഷ്യം പോലും മറികടക്കാൻ ചെന്നൈക്ക് കഴിയില്ലെങ്കിൽ പിന്നെ അതിനെക്കുറിച്ച് ഒന്നും പറയാനില്ല," സെവാഗ് പരിഹസിച്ചു.

ടോസ് തീരുമാനവും ബാറ്റിംഗ് തകർച്ചയും
നേരത്തെ ബാറ്റ് ചെയ്ത് വിജയിച്ച കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നും മാറി, ഇന്ന് ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്ത നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ തീരുമാനത്തെയും സെവാഗ് വിമർശിച്ചു. "കഴിഞ്ഞ രണ്ട് കളികളിലും ആദ്യം ബാറ്റ് ചെയ്താണ് ചെന്നൈ ജയിച്ചത്. ഇന്ന് ആദ്യം ഫീൽഡ് ചെയ്യാനുള്ള തീരുമാനം വലിയൊരു പിഴവായിപ്പോയി. റുതുരാജ് ഗെയ്‌ക്‌വാദ് ഒട്ടും റൺസ് കണ്ടെത്തുന്നില്ല. ടീമിന്റെ ടോപ്പ് ഓർഡർ ബാറ്റർമാരെല്ലാം മോശം ഫോമിലാണ്. മൊത്തത്തിൽ നോക്കിയാൽ സിഎസ്‌കെയുടെ ബാറ്റിംഗ് ഇപ്പോൾ വളരെ ദുർബലമായി തോന്നുന്നു," സെവാഗ് വ്യക്തമാക്കി.
സീസണിന്റെ തുടക്കം മുതലേ പരിക്കിന്റെ പിടിയിൽ വലയുന്ന സിഎസ്കെയ്ക്ക് ഇരട്ടി പ്രഹരം നൽകിക്കൊണ്ടാണ് പേശി വലിവോടെ ആയുഷ് മ്ഹാത്രെയും ഇന്നലെ കൂടാരം കയറിയത്. ഇതിനെത്തുടർന്ന് സിഎസ്കെയുടെ ഫിസിയോ വിഭാഗത്തെ മുൻ താരം ആർ അശ്വിൻ നിശിഥമായി വിമർശിച്ചിരുന്നു. സ്വന്തം താരങ്ങളെ നോക്കാൻ അറിയില്ലെങ്കിൽ അത് മറ്റ് ടീമുകളിൽ നിന്നും പഠിക്കൂ എന്നായിരുന്നു അശ്വിൻ വിമർശിച്ചത്.
ആയുഷ് മ്ഹാത്രെയുടെ പരിക്ക് അത്ര നിസ്സാരമല്ലെന്നാണ് അശ്വിൻ നിരീക്ഷിക്കുന്നത്. "മ്ഹാത്രെയുടെ പരിക്ക് കണ്ടിട്ട് അതൊരു സാധാരണ മസിൽ കയറ്റമായി (Cramp) തോന്നുന്നില്ല, മറിച്ച് ഗൗരവകരമായ മറ്റൊരു പേശീ പരിക്കാണെന്ന് ഉറപ്പാണ്. ചെന്നൈ ടീമിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം പേശീ പരിക്കുകൾ ആവർത്തിക്കുന്നത്? ഞാൻ രാജസ്ഥാൻ റോയൽസിൽ ആയിരുന്നപ്പോൾ എനിക്ക് മുട്ടിന് പരിക്കേറ്റതായിരുന്നു. അന്ന് അവർ ഒരു വർഷം മുഴുവൻ എന്റെ ഫിറ്റ്‌നസ് ട്രാക്ക് ചെയ്യുമായിരുന്നു," അശ്വിൻ പറഞ്ഞു.
ഹൈദരാബാദിലെ ഫ്ലാറ്റ് വിക്കറ്റിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ചെന്നൈ പട ആതിഥേയരെ 194 എന്ന സ്കോറിൽ തളച്ചു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് അടിമുടി പാളി. 184 റൺസിന് അവർക്ക് ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications