IPL 2026: ഇതെന്തൊരു ബാറ്റിങ്ങാണ് ഋഷഭ്! പന്തുകൾ ഇങ്ങനെ പാഴാക്കാമോ? രൂക്ഷ ഭാഷയിൽ വിമർശിച്ച് സെവാഗ്
ഐപിഎൽ 2026ൽ തുടക്കം മുതലേ പാളിപ്പോയ ടീമായിരുന്നു ലക്നൗ സൂപ്പർ ജയിന്റ്സ്. തങ്ങളുടെ അവസാന മത്സരവും പൂർത്തിയാക്കുമ്പോൾ പട്ടികയിൽ പത്താം സ്ഥാനത്താണ് ടീമിന്റെ സ്ഥാനം. ഋഷഭ് പന്തിന്റെ മോശം ക്യാപ്റ്റൻസിയും ഫോം ഇല്ലായ്മയും കുറച്ചൊന്നുമല്ല ലക്നൗവിനെ പ്രതികൂലമായി ബാധിച്ചത്. പഞ്ചാബ് കിംഗ്‌സിനെതിരെയുള്ള മത്സരത്തിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജാന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ സ്ലോ ബാറ്റിംഗിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് രംഗത്ത്. മറ്റെല്ലാ ബാറ്റർമാരും തകർത്തടിച്ച പിച്ചിൽ പന്ത് അനാവശ്യമായി പന്തുകൾ പാഴാക്കി വിക്കറ്റ് കളഞ്ഞ രീതിയെയാണ് സെവാഗ് രൂക്ഷമായി വിമർശിച്ചത്.
ഇംഗ്ലിസും ബദോനിയും തകർത്തടിച്ചു, പന്ത് മാത്രം പതറി
മറ്റു കളിക്കാരുടെ സ്ട്രൈക്ക് റേറ്റ് ചൂണ്ടിക്കാണിച്ചാണ് സെവാഗ് പന്തിന്റെ ബാറ്റിംഗിനെ ചോദ്യം ചെയ്തത്. "സത്യം പറഞ്ഞാൽ, ഞാൻ ഋഷഭ് പന്തിന്റെ ബാറ്റിംഗ് കാണുമ്പോഴെല്ലാം കൂടുതൽ അത്ഭുതപ്പെടുകയാണ്. അവൻ എന്താണ് മൈതാനത്ത് ചെയ്യാൻ ശ്രമിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ലഖ്‌നൗവിന്റെ തുടക്കത്തിലെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. ജോഷ് ഇംഗ്ലിസും ആയുഷ് ബദോനിയും 200-ലധികം സ്ട്രൈക്ക് റേറ്റിലാണ് അടിച്ചുകൂട്ടിക്കൊണ്ടിരുന്നത്. എന്നാൽ പന്ത് ക്രീസിലെത്തിയപ്പോൾ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു," സെവാഗ് പറഞ്ഞു.

22 പന്തിൽ 26 റൺസ്; ഇത്രയും മോശം ബാറ്റിംഗ് നിരാശാജനകം
പന്തിന്റെ മെല്ലപ്പോക്ക് നയം ടീമിന് തിരിച്ചടിയായെന്നാണ് സെവാഗിന്റെ വിലയിരുത്തൽ. "ഋഷഭ് പന്ത് വന്ന് വെറും 20 പന്തിൽ 22 റൺസ് മാത്രമാണ് എടുത്തത്. വെറും 100 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തത് പോരാഞ്ഞിട്ട് ഒടുവിൽ തന്റെ വിക്കറ്റ് അനാവശ്യമായി എറിഞ്ഞു കളയുകയും ചെയ്തു. നിങ്ങൾ ഇത്തരത്തിലാണ് ബാറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ, തുടക്കം മുതൽ തന്നെ അഗ്രസീവ് ആയി കളിക്കാൻ ശ്രമിക്കണം," മുൻ താരം വ്യക്തമാക്കി.
പന്തുകൾ പാഴാക്കി ഔട്ടാകുന്നത് ക്രിക്കറ്റിലെ ഏറ്റവും വലിയ തെറ്റ്
താരത്തിന്റെ ബാറ്റിംഗ് മനോഭാവത്തിൽ തനിക്കുള്ള കടുത്ത നിരാശയും സെവാഗ് മറച്ചുവെച്ചില്ല. "ക്രിക്കറ്റിൽ ഒരുപാട് പന്തുകൾ വെറുതെ പാഴാക്കിയ ശേഷം വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് ഏറ്റവും മോശം കാര്യങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അത് തന്നെയാണ് ഇപ്പോൾ ഋഷഭ് പന്തും ചെയ്തുകൊണ്ടിരിക്കുന്നത്. എന്തായാലും പന്തിന്റെ ഈ പ്രകടനത്തിൽ എനിക്ക് കടുത്ത നിരാശയുണ്ട്." സെവാഗ് കൂട്ടിച്ചേർത്തു. മത്സരത്തിൽ ഇംഗ്ലിസും (72) ബദോനിയും (43) നൽകിയ മികച്ച തുടക്കം പന്തിന്റെ സ്ലോ ഇന്നിങ്സ് കാരണം ലഖ്‌നൗവിന് പൂർണ്ണമായി മുതലാക്കാൻ സാധിച്ചില്ലെന്നാണ് സെവാഗ് വ്യക്തമാക്കുന്നത്. നിശ്ചിത 20 ഓവറിൽ 196 റൺസ് എന്ന മികച്ച ടോട്ടൽ നേടാനായെങ്കിലും പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിൽ പഞ്ചാബ് 18 ഓവറിൽ തന്നെ വിജയിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications