ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗ് ഇപ്പോഴും ആരാധകര്‍ക്കിടയില്‍ സജീവമാണ്. ട്വിറ്ററിലാണ് ഇപ്പോള്‍ സെവാഗിന്റെ വെടിക്കെട്ട്. സെവാഗിന്റെ തമാശനിറഞ്ഞ ട്വീറ്റുകള്‍ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നത് അദ്ദേഹത്തിന്റെ രസികത്വത്തിന് മാറ്റുകൂട്ടുന്നു.
ഏറ്റവുമൊടുവില്‍ ഇന്ത്യന്‍താരം പാര്‍ഥിവ് പട്ടേലുമായി ബന്ധപ്പെട്ടാണ് സെവാഗിന്റെ ട്വീറ്റ്. മുപ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന പാര്‍ഥിവ് എല്ലാകാലവും അണ്ടര്‍ 19 ക്യാപ്റ്റനാകണമെന്നാണ് സേവാഗിന്റെ ട്വീറ്റ്. കുട്ടികളുടെ ഹീറോ ആയ ശക്തിമാന്‍ വേഷമണിഞ്ഞുനില്‍ക്കുന്ന ചെറിയ കുട്ടിയുടെ ഫോട്ടോയ്ക്ക് കീഴെയാണ് സെവാഗ് ട്വീറ്റ് ചെയ്തത്.

എല്ലാകാലവും കുട്ടിത്തം വിടാതെ കാത്തുസൂക്ഷിച്ചാല്‍ അണ്ടര്‍ 19 ക്യാപ്റ്റനായി തുടരാമെന്ന് സെവാഗ് പറയുന്നു. നിക്കു ചോട്ടാ ചേതന്‍ എന്നാണ് പാര്‍ഥിവിനെ സെവാഗ് സംബോധന ചെയ്തത്. പിറന്നാള്‍ ആശംസകളും സെവാഗ് പാര്‍ഥിവിന് നേര്‍ന്നു. സെവാഗിന്റെ തമാശനിറഞ്ഞ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഹിറ്റായിരിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലര്‍ക്കും സെവാഗ് സമാനരീതിയിലുള്ള ആശംസ നേര്‍ന്നിരുന്നു. ന്യൂസിലന്‍ഡിനുവേണ്ടി പല പാര്‍ട്ണര്‍ഷിപ്പുകളും സ്റ്റിച്ച് ചെയ്ത താരമാണ് താങ്കള്‍. താഴെ കാണുന്നവര്‍ക്കും താങ്കളുടെ സഹായം ആവശ്യമുണ്ട് എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. വസ്ത്രങ്ങള്‍ കീറിയ ചിലരുടെ ചിത്രങ്ങളും ഒപ്പം നല്‍കിയിട്ടുണ്ട്. ടെയ്‌ലര്‍ എന്ന പേരിനെ കളിയാക്കിയായിരുന്നു സെവാഗിന്റെ ട്വീറ്റ്.