മുംബൈ: കളിയിലായാലും കാര്യത്തിലായാലും വീരേന്ദർ സേവാഗിന് തന്റേതായ ഒരു സ്റ്റൈലുണ്ട്. ഒന്നാമത്തെ പന്ത് മുതൽ വെടിക്കെട്ട് തുടങ്ങുന്നതാണ് കളിയിലെ സ്റ്റൈലെങ്കിൽ ഉള്ളിലുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുക എന്നതാണ് കളിക്കളത്തിന് പുറത്തെ സ്റ്റൈൽ. കളിയിൽ നിന്ന് വിരമിച്ചെങ്കിലും മൈക്രോ ബ്ലോഗഗിങ് സൈറ്റായ ട്വിറ്ററിലെ ഇടപെടലുകൾ കൊണ്ട് വാർത്തകൾ സൃഷ്ടിക്കാറുണ്ട് സേവാഗ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചിന്റെ സ്ഥാനത്തേക്ക് ബി സി സി ഐ അപേക്ഷ ക്ഷണിച്ചപ്പോൾ പ്രതികരിച്ചവരിൽ സേവാഗും ഉണ്ടായിരുന്നു. എന്നാൽ സേവാഗിന്റെ അപേക്ഷ കണ്ടപ്പോഴാണ് ബി സി സി ഐയിലെ ഉദ്യോഗസ്ഥർ അമ്പരന്നത്. ആകെ രണ്ട് വരി മാത്രം. ബയോഡാറ്റയും ഇല്ല. ഐ പി എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ മെന്ററും കോച്ചുമാണ്. ഇപ്പോഴത്തെ കുട്ടികളുടെ കൂടെ കളിച്ചിട്ടുണ്ട് - കഴിഞ്ഞു.

സേവാഗിനോട് ബയോഡാറ്റ അയച്ചുതരാൻ തങ്ങൾ പിന്നീട് ആവശ്യപ്പെടുകയായിരുന്നു എന്ന് ബി സി സി ഐ വക്താവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. നിലവിലെ കോച്ച് അനിൽ കുംബ്ലെയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കേയാണ് ബി സി സി ഐ ടീം ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ തേടുന്നത്. ആറ് പേരാണ് ഈ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.