2021 ടി20 ലോകകപ്പിലെ ഇന്ത്യയുടെ പേസര്‍മാര്‍ ആരൊക്കെ? മൂന്നാമനായി അവനും വേണം: സെവാഗ്
മുംബൈ: 2021ലെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇതുവരെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഒരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ എന്ത് വിലകൊടുത്തും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുള്ളത്. ഇന്ത്യയില്‍ത്തന്നെയാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാല്‍ ഇന്ത്യക്ക് സാധ്യതകളും കൂടുതലാണ്. നിലവില്‍ മികച്ച താരനിരയുള്ള ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടി20 പരമ്പര നേടി കരുത്ത് കാട്ടിയിട്ടുണ്ട്. ഇപ്പോഴിതാ 2021ലെ ലോകകപ്പില്‍ പേസര്‍മാരായി ആരൊക്കെ കളിക്കണമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായ വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്.

ജസ്പ്രീത് ബൂംറയ്ക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പം ടി നടരാജന്‍ കളിക്കണമെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. 'ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വളരെ മികച്ച ബൗളിങ് കരുത്താണുള്ളത്. ഭുവനേശ്വറിനും ബൂംറയ്ക്കുമൊപ്പം ടി നടരാജന്‍ കളിക്കണം. പദ്ധതികള്‍ നടപ്പിലാക്കാന്‍ മിടുക്കനാണവന്‍. യോര്‍ക്കറും സ്ലോ ബോളും ലെങ്ത് ബോളും മനോഹരമായി അവന്‍ എറിയും. ബൂംറയ്ക്കും ഇതേ മികവാണുള്ളത്. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം വലിയ മാറ്റം നടരാജന്റെ കരിയറില്‍ ഉണ്ടാകും. ആളുകള്‍ നടരാജന്‍ ബൂംറയില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ച് അവനെപ്പോലെ മികച്ച ബൗളറാകണമെന്നാണ് ആഗ്രഹിക്കുന്നത്'-സെവാഗ് പറഞ്ഞു.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നടത്തിയ മികച്ച പ്രകടനമാണ് നടരാജന് ഇന്ത്യന്‍ ടീമിലേക്കെത്തിച്ചത്. 13ാം സീസണില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കര്‍ എറിഞ്ഞ ബൗളര്‍ നടരാജനായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലൂടെ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയ നടരാജന്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. ടി20 പരമ്പരയില്‍ കൂടുതല്‍ കരുത്ത് കാട്ടിയ നട്ടു രണ്ട് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് സ്വന്തമാക്കിയത്.

2017ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമായിരുന്നു ടി നടരാജന്‍. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. അന്ന് നടരാജന്‍ പഞ്ചാബിലെത്തിയതിനെക്കുറിച്ചും സെവാഗ് പറഞ്ഞു. 'മുരളി വിജയിയാണ് നടരാജനെക്കുറിച്ച് പറഞ്ഞതും പഞ്ചാബിലേക്ക് അവനെ എത്തിക്കാന്‍ കാരണമായതും. ഇന്ത്യക്കുവേണ്ടി കളിക്കുകയാണ് നടരാജന്റെ സ്വപ്‌നമെന്ന് മുരളി പറഞ്ഞിരുന്നെങ്കിലും അന്ന് ഐപിഎല്ലില്‍ അവസരം ലഭിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു'-സെവാഗ് പറഞ്ഞു.

സഹീര്‍ ഖാന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മികച്ചൊരു ഇടം കൈയന്‍ പേസര്‍ എത്തിയിട്ടില്ല. അതിനുള്ള പരിഹാരമാണ് നടരാജനെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വര്‍ഷം ഒക്ടോബറിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. അടുത്ത വര്‍ഷത്തെ ഐപിഎല്ലും ഇന്ത്യയിലാണ് നടക്കുന്നത്. അതിനാല്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ തീര്‍ച്ചയായും നടരാജനുമുണ്ടാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications