ദില്ലി: ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിന്റെ ഇനിയുള്ള രഞ്ജി ക്രിക്കറ്റ് കളികള്‍ ഹരിയാനയ്ക്ക് വേണ്ടി. സേവാഗ് ഹരിയാനയ്ക്ക് വേണ്ടി രഞ്ജി ക്രിക്കറ്റ് കളിക്കുമെന്ന കാര്യം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അനിരുദ്ധ് ചൗധരിയാണ് പ്രഖ്യാപിച്ചത്. സേവാഗ് ദില്ലിക്ക് വേണ്ടി കളിക്കുന്നത് അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2015 - 16 സീസണില്‍ രഞ്ജി ട്രോഫി അടക്കമുള്ള മത്സരങ്ങളില്‍ സേവാഗ് ഹരിയാനയെ പ്രതിനിധീകരിക്കും. ഒരുപാട് യുവ പ്രതിഭകളുളള ഹരിയാന ടീമിനൊപ്പം കളിക്കുന്നതില്‍ ആവേശം കൊണ്ടിരിക്കുകയാണ് എന്ന് സേവാഗ് പറഞ്ഞു. ഹരിയാനയ്ക്ക് വേണ്ടി വന്‍ സ്‌കോറുകള്‍ നേടാനാകുമെന്ന് താരം പ്രതീക്ഷ പ്രകടിപ്പിച്ചു. തന്റെ പരിചയസമ്പത്ത് ടീമിലെ യുവാക്കള്‍ക്കും ഗുണകരമാകും.

ഇത്രയും കാലം തനിക്ക് തന്ന അവസരങ്ങള്‍ക്കും പിന്തുണയ്ക്കും സേവാഗ് ദില്ലി ക്രിക്കറ്റ് അസോസിയേഷനും അരുണ്‍ ജെയ്റ്റ്‌ലിക്കും നന്ദി പറഞ്ഞു. 1997 98 സീസണില്‍ ദില്ലിക്ക് വേണ്ടി കളിച്ചുതുടങ്ങിയതാണ് സേവാഗ്. ദില്ലി ഇന്ത്യയ്ക്ക് സംഭാവന ചെയ്ത ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കൂടിയാണ് സേവാഗ്. സച്ചിനോടുള്ള സാദൃശ്യമാണ് തുടക്കക്കാലത്ത് നജഫ്ഗഡിന്റെ രാജകുമാരന്‍ സേവാഗിനെ പ്രശസ്തനാക്കിയത്.
104 ടെസ്റ്റുകളും 251 ഏകദിനങ്ങളും 19 ട്വന്റി 20 മത്സരങ്ങളും വീരു ഇന്ത്യക്ക് വേണ്ടി കളിച്ചു. മൂന്ന് ഫോര്‍മാറ്റിലുമായി 17000ത്തില്‍ കൂടുതല്‍ റണ്‍സടിച്ചു. കഴിഞ്ഞ സീസണില്‍ ദില്ലിക്ക് വേണ്ടി എട്ട് കളികളില്‍ നിന്നായി സേവാഗ് 568 റണ്‍സെടുത്തിരുന്നു. ഗംഭീറിന് 1 റണ്‍ മാത്രം പിന്നില്‍ രണ്ടാമത്തെ ടോപ് സ്‌കോററുമായിരുന്നു സേവാഗ്. ഐ പി എല്ലില്‍ സേവാഗ് രണ്ട് വര്‍ഷം മുമ്പേ ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായുള്ള കരാര്‍ അവസാനിപ്പിച്ച് ദില്ലി വിട്ടിരുന്നു.