ധര്‍മശാല: നല്ല കാലത്ത് ആളുകള്‍ കൂടെയുണ്ടാകും. ഒരു കഷ്ടകാലം വന്നാലേ യഥാര്‍ഥത്തില്‍ കൂടെയുള്ളത് ആരൊക്കെ എന്ന് തിരിച്ചറിയൂ, ഞാനിപ്പോള്‍ ആ തിരിച്ചറിവിലാണ്. പേടിക്കേണ്ട തത്വശാസ്ത്രം പറഞ്ഞതല്ല. ഇത് വിരാട് കോലിയുടെ വാക്കുകളാണ്. റണ്‍ മഴയൊഴുക്കിയ നാലഞ്ച് വര്‍ഷത്തിന് ശേഷം ഒരു സീസണ്‍ ഫോമൗട്ടായതോടെ തന്നെ വിമര്‍ശിക്കുന്നവരാണ് കോലിയുടെ ഉന്നം എന്ന് എടുത്തുപറയേണ്ടല്ലോ.
ഇംഗ്ലണ്ട് പര്യടനത്തില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നത് തമാശയാണ് എന്നാണ് കോലി പറയുന്നത്. രണ്ടോ മൂന്നോ ഇന്നിംഗ്‌സുകളില്‍ താന്‍ പരാജയപ്പെട്ടാന്‍ ആളുകള്‍ അപ്പോള്‍ പറയാന്‍ തുടങ്ങും വലിയ ഒരു ഇന്നിംഗ്‌സ് കടമുണ്ടെന്ന്. നാലഞ്ച് വര്‍ഷമായി എല്ലാ ഫോര്‍മാറ്റിലും സ്ഥിരമായി സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന കാര്യം ആളുകള്‍ പാടേ മറന്നുപോകും.

ഞാന്‍ ആരെയും ബോധിപ്പിക്കാന്‍ വേണ്ടിയല്ല കളിക്കുന്നത്. ഇതെന്റെ ശൈലിയാണ്. ഞങ്ങള്‍ സാധാരണ മനുഷ്യന്മാരാണ്. യന്ത്രങ്ങളല്ല. ആളുകള്‍ അതും മനസിലാക്കണം. കഷ്ടകാലം വരുമ്പോഴാണ് ആളുകളെ ശരിക്കും മനസിലാകുന്നത് എന്നും 360 ഡിഗ്രി തിരിയുന്ന ആളുകളെ അടുത്ത കാലത്തായി കാണാന്‍ പറ്റി എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതില്‍ തനിക്ക് അത്ഭുതമൊന്നുമില്ല.
ഏകദിനത്തില്‍ അമ്പതിന് മുകളിലും ടെസ്റ്റില്‍ നാല്‍പതിന് മുകളിലും ശരാശരിയുള്ള വിരാട് കോലി ഇംഗ്ലണ്ട് പര്യടനത്തില്‍ തികഞ്ഞ പരാജയമായിരുന്നു. അഞ്ച് ടെസ്റ്റുകളുടെയും ഏകദിനങ്ങളുടെയും പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറി പോലും കോലിക്ക് നേടാനായില്ല. ലോകകപ്പിന് മുമ്പായി ഫോമില്‍ തിരിച്ചെത്താനുള്ള കഠിന പരിശ്രമത്തിലാണ് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ദില്ലിയില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.