ജോഹന്നസ്ബര്‍ഗ്: പുതുവര്‍ഷത്തില്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തോടെ തുടങ്ങുന്ന ഇന്ത്യന്‍ ടീം നാളിതുവരെയില്ലാത്ത പ്രതീക്ഷയിലാണ്. ഇന്ത്യന്‍ ഉപഭൂഗണ്ഡത്തില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് റെക്കോര്‍ഡുകള്‍ രചിക്കുന്നത് പതിവാക്കിയ ടീം സൗത്ത് ആഫ്രിക്കയിലും ചരിത്രമെഴുതുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ മികച്ച ടീമായിക്കഴിഞ്ഞ ഇന്ത്യയ്ക്ക് ഇതാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പര നേടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ മുന്‍ താരങ്ങള്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സും ഇന്ത്യ തങ്ങളുടെ രാജ്യത്തെത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയുന്നു.

ഇന്ത്യയുടെ ഇപ്പോഴത്തെ ടീമിനെ നേരിടുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇന്ത്യയെ നേരിടാന്‍ തങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു. ഇന്ത്യയ്‌ക്കെതിരെ കളിച്ചിട്ട് ഏറെ നാളുകളായി. അതുകൊണ്ടുതന്നെ മികച്ച സീരീസ് ആയിരിക്കും വരാനിരിക്കുന്നതെന്നും താരം പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ ചരിത്രമെഴുതാന്‍ കഴിയുന്ന ടീമാണ് കോലിയുടേത്. ഒരു കളിക്കാരനെന്ന നിലയില്‍ കോലി ഏറെ മാറിക്കഴിഞ്ഞു. ഇത്തരമൊരു ടീമുമായി ഏറ്റുമുട്ടുന്നത് വെല്ലുവിളിയായി ഏറ്റെടുക്കുന്നു. ലോക ഒന്നാം നമ്പറാകാനാണ് തങ്ങളുടെ ശ്രമം. അതിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജനുവരി 5നാണ് ആരംഭിക്കുന്നത്.