
വിശാഖപട്ടണം: ലോകകപ്പിന് വലിയ മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പിനായി മൂന്നു മാസങ്ങള്‍ മാത്രം ശേഷിക്കെ കളിക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ കളിച്ച് അധ്വാനം കൂട്ടരുതെന്ന് കോലി നേരത്തെതന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയോടെ വിശ്രമം എടുക്കണമെന്നാണ് ആവശ്യം.
നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ആത്മവിശ്വാസത്തോടെ ലോകകപ്പിന് തയ്യാറെടുക്കാനാകും ഇന്ത്യയുടെ ശ്രമം. അതേസമയം, തങ്ങളുടെ നാട്ടില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പരമ്പര അടിയറവ് വെക്കേണ്ടിവന്ന ഓസ്‌ട്രേലിയ പകരംവീട്ടാനുള്ള ഒരുക്കത്തിലാണ്. രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും അടങ്ങുന്നതാണ് പരമ്പര.

കോലിയുടെ വാര്‍ത്താ സമ്മേളനം
പരമ്പരയ്ക്ക് തൊട്ടുമുന്‍പ് വിരാട് കോലി നടത്തിയ വാര്‍ത്താ സമ്മേളനം ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുള്ള മുന്നറിയിപ്പുകൂടിയായി. ലോകകപ്പിനായി ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് വേണ്ടതുണ്ടെന്നാണ് കോലിയുടെ അഭിപ്രായം. അതിനായി അധ്വാനഭാരം കൂട്ടരുതെന്നും മോശം കാര്യങ്ങളില്‍ ഉള്‍പ്പെടരുതെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഐപിഎല്ലിലെ ആഘോഷങ്ങള്‍
ഐപിഎല്ലില്‍നിന്നും ജസ്പ്രീത് ബുംറ ഉള്‍പ്പെടെയുള്ള പ്രധാന കളിക്കാരെ മാറ്റിനിര്‍ത്തണമന്ന് കോലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം മുഴുവന്‍ ഐപിഎല്‍ മത്സരങ്ങളും കളിക്കില്ലെന്നാണ് സൂചന. മാത്രമല്ല, ഐപിഎല്‍ രാവുകളില്‍ നടത്തുന്ന പാര്‍ട്ടിയും ആഘോഷങ്ങളും വേണ്ടെന്നും കോലി നിര്‍ദ്ദേശിച്ചതോടെ ടീം അംഗങ്ങള്‍ ഇവ പാലിക്കപ്പെടേണ്ടതുണ്ട്.

ഫോം നഷ്ടമാകരുത്
ഐപിഎല്ലിലെ മോശം കാര്യങ്ങള്‍ മാനസികമായ ഉല്ലാസം നഷ്ടപ്പെടുത്തിയേക്കുമെന്നും കളിയുടെ ഫോമിനെ ബാധിക്കുമെന്നും കോലി വ്യക്തമാക്കി. ഏകദിന ലോകകപ്പിന് ഇന്ത്യയുടെ 15 അംഗങ്ങള്‍ക്കും ആത്മവിശ്വാസത്തോടെയും മാനസിക സന്തോഷത്തോടെയും ഇറങ്ങാന്‍ കഴിയണം. ഐപിഎല്ലിന് ശേഷം കളിക്കാര്‍ക്ക് ഏറെ വിശ്രമമെടുക്കുന്നതിന് മുന്‍പായി ലോകകപ്പിനും ഇറങ്ങേണ്ടിവരുന്നത് ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചേക്കാമെന്ന ആകുലത ഇന്ത്യന്‍ ക്യാപ്റ്റനുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ഉള്‍പ്പെടുന്ന ടീം അംഗങ്ങള്‍ ഐപിഎല്ലിലെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കുമെന്നാണ് സൂചന.