പൃഥ്വിക്ക് വളരാന്‍ അവസരം നല്‍കൂ... താരതമ്യം ചെയ്ത് നശിപ്പിക്കരുത് !! അഭ്യര്‍ഥനയുമായി കോലി

ഹൈദരാരാബാദ്: കരിയറിലെ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയോടെ തിളങ്ങിയ ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായ്ക്ക് ഇനിയും വളരാനുള്ള അവസരം നല്‍കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി ആവശ്യപ്പെട്ടു. ആദ്യ മല്‍സരത്തിലെ ഗംഭീരപ്രകടനത്തിനു ശേഷം പൃഥ്വിക്ക് അഭിനന്ദനപ്രവാഹമാണ്. ഒരൊറ്റ ഇന്നിങ്‌സിന്റെ പേരില്‍ മുന്‍ ഇതിഹാസങ്ങളുമായി പൃഥ്വി താരതമ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ പുകഴ്ത്തി പൃഥ്വിയുടെ കരിയര്‍ തന്നെ ഇല്ലാതാക്കരുതെന്ന അഭ്യര്‍ഥനയുമായി ഇന്ത്യന്‍ നായകന്‍ രംഗത്തുവന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോലി.

സ്വന്തം മികവ് ഇനിയും പ്രകടിപ്പിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ പൃഥ്വിക്കു നല്‍കുകയാണ് ചെയ്യേണ്ടത്. വളരെയേറെ കഴിവുകളുള്ള താരമാണ് അദ്ദേഹം. ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാനുള്ള മികവ് പൃഥ്വിക്കുണ്ട്. ആദ്യ മല്‍സരത്തിലെ പ്രകടനം ഇനിയും ആവര്‍ത്തിക്കാന്‍ താരത്തിനാവുമെന്ന് ഏവരും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ഓരോ തവണയും പുതുതായി ഓരോന്നും പഠിക്കാന്‍ ശ്രമിക്കുന്ന താരമാണ് പൃഥ്വി. സാഹചര്യങ്ങള്‍ക്കു ബാറ്റ് ചെയ്യാനുള്ള ശേഷി താരത്തിനുണ്ടെന്നും കോലി ചൂണ്ടിക്കാട്ടി.
പൃഥ്വിയെ മറ്റൊരു താരവുമായും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് കോലി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും നേരത്തേ ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള താരതമ്യങ്ങള്‍ പൃഥ്വിക്കു സമ്മര്‍ദ്ദമുണ്ടാക്കുകയാണ് ചെയ്യുക. ഇത് പ്രകടനത്തെയും ബാധിച്ചേക്കും. അതുകൊണ്ടു തന്നെ പൃഥ്വിക്കു ഇനിയും വളരാനുള്ള അവസരമുണ്ടാക്കിക്കൊടുക്കാനാണ് ശ്രമിക്കേണ്ടതെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications