മുംബൈ: വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കായിക താരങ്ങളിലൊരാളാണ് ഇന്ത്യയുടെ വിരാട് കോലി. ഐപിഎല്ലില്‍ ഒരു സീസണില്‍ മാത്രം 17 കോടി രൂപയാണ് താരത്തിന്റെ കീശയിലെത്തുന്നത്. എന്നാല്‍, ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാനൊരുങ്ങുന്ന വിരാട് കോലിക്ക് തുച്ഛമായ ശമ്പളം മാത്രമാണ് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
കളി പരിചയത്തിനായാണ് കോലി കൗണ്ടി ടീം സറേയുമായി കരാറില്‍ ഏര്‍പ്പെട്ടത്. ഇതിനായി ഐപിഎല്‍ ടൂര്‍ണമെന്റിന് ശേഷം താരം ഇംഗ്ലണ്ടിലേക്ക് പറക്കും. ജൂലായില്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ഇത് ഇന്ത്യന്‍ ക്യാപ്റ്റനെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ആറു മത്സരങ്ങളാണ് സറേയ്ക്കുവേണ്ടി കോലി കളിക്കുക. റോയല്‍ ലണ്ടന്‍ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ മൂന്നു മത്സരങ്ങളും കൗണ്ടിയിലെ മൂന്ന് ചതുര്‍ദിന മത്സരങ്ങളുമാണ് വിരാട് കോലി കളിക്കുകയെന്ന് ബിസിസിഐ അറിയിച്ചു. ഇത്രയും കളികളില്‍ നിന്നായി ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് വെളിപ്പെടുത്തില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
സറേയില്‍ കളിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന രീതിയില്‍ കോലിക്ക് മാധ്യമശ്രദ്ധ ലഭിക്കുമെന്നുറപ്പാണ്. എന്നാല്‍, കളിയില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയോട് ബിസിസിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ളതിനാല്‍ വിരാട് കോലിയെ ഇംഗ്ലീഷ് സാഹചര്യത്തില്‍ കളിക്കാന്‍ പ്രാപ്തനാക്കുകയാണ് ബോര്‍ഡിന്റെ പ്രഥമ പരിഗണന.