ചെന്നൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും തമ്മിലുളള സൗന്ദര്യപ്പിണക്കങ്ങള്‍ ക്രിക്കറ്റ് കാണുന്ന ഏത് കൊച്ചുകുട്ടിക്കും വരെ അറിയാം. ലോകത്തെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരാണെങ്കിലും പരസ്പരം കളിയാക്കാനുള്ള ഒരു അവസരവും ഇരുവരും വെറുതെ കളയില്ല.

ഇന്ത്യ - ഓസ്‌ട്രേലിയ ഒന്നാം ഏകദിനത്തിനിടെയിലാണ് കൂട്ടത്തിലെ ഏറ്റവും പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. മാര്‍ക്കസ് സ്റ്റോണിസിന്റെ പന്തില്‍ ഭുവനേശ്വര്‍ കുമാറിനെതിരെ ഓസ്‌ട്രേലിയയുടെ എല്‍ ബി ഡബ്ലിയു അപ്പീല്‍. പന്ത് പാഡിന്റെ പരിസരത്ത് പോലും പോയില്ല. സ്വാഭാവികമായും ഭുവി നോട്ടൗട്ടാണെന്ന് തേര്‍ഡ് അംപയറും വിധിച്ചു. ഡി ആര്‍ എസ് നഷ്ടപ്പെട്ട നിരാശ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്.
അനാവശ്യമായി ഓസ്‌ട്രേലിയ റിവ്യൂവിന് പോയത് കണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിക്കാണ് ദേഷ്യം വന്നത്. ഔട്ടായി ഡഗ് ഔട്ടില്‍ തിരിച്ചെത്തി ഇരിക്കുകയായിരുന്ന കോലി കളിയാക്കി എന്നോണം ഔട്ട് കൊടുക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. സ്മിത്തിനെയാണ് കോലി കളിയാക്കിയതെന്ന് ട്വിറ്റരാദികള്‍ പറയുന്നു. നേരത്തെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത് കൊണ്ടാണ് കോലി കൂടുതല്‍ സെഞ്ചുറി അടിക്കുന്നത് എന്നൊരു കമന്റ് സ്റ്റീവ് സ്മിത്തും പാസാക്കിയിരുന്നു.