മുംബൈ: സമീപകാലത്തായി വലിയ അഴിച്ചുപണികളിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടന്നുപോകുന്നത്. ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്ന് വിരാട് കോലിയെ മാറ്റി പകരം രോഹിത് ശര്‍മയെ എത്തിച്ചത് വലിയ പ്രതിസന്ധികള്‍ ടീമിനുള്ളില്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഏകദിന നായകസ്ഥാനം ഒഴിയാന്‍ കോലിക്ക് താല്‍പര്യമില്ലായിരുന്നുവെന്നും ടീം മാനേജ്‌മെന്റിന്റെ നിര്‍ബന്ധ പ്രകാരം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കപ്പെടുകയാണുണ്ടായതെന്നുമെല്ലാമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
വിരാട് കോലി ഇതിഹാസ നായകന്മാരുടെ പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ട താരമാണ്. ഏകദിനത്തില്‍ 70ന് മുകളില്‍ വിജയ ശതമാനവുണ്ട്. എന്നാല്‍ ഐസിസി ട്രോഫികളില്ലാത്തതിന്റെ പേരില്‍ ഇത്തരമൊരു നീക്കം ബിസിസി ഐ നടത്തിയത് കോലിയെ മാനസികമായി പ്രയാസപ്പെടുത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്. നേരത്തെ ടി20 നായകസ്ഥാനം ഒഴിയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏകദിന,ടെസ്റ്റ് നായകനായി തുടരുമെന്ന് കോലി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി ഏകദിന നായകസ്ഥാനവും കോലിക്ക് നഷ്ടമായിരിക്കുകയാണ്.
ഇതിന് പിന്നാലെ കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫാക്കിയെന്നും രോഹിത് ശര്‍മയുടെ കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയെന്നുമെല്ലാമുള്ള നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇതിനെല്ലാം ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം വിരാട് കോലി ഇന്ന് ഉച്ചക്ക് മാധ്യമങ്ങളെ കണ്ടേക്കും. അങ്ങനെയാണെങ്കില്‍ ആരാധകര്‍ക്ക് അറിയേണ്ടത് മൂന്ന് കാര്യങ്ങളാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഏറ്റവും പ്രധാനപ്പെട്ടത് ഏകദിന നായകസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. സ്വന്തം ഇഷ്ടപ്രകാരമാണോ അദ്ദേഹം ഏകദിന സ്ഥാനം ഒഴിഞ്ഞത് അതോ ബിസിസി ഐ പെട്ടെന്നെടുത്ത തീരുമാനമാണോ?. ഈ ചോദ്യത്തോട് കോലി പ്രതികരിക്കാന്‍ സാധ്യത കുറവാണ്. കാരണം ടെസ്റ്റ് നായകനായി തുടരുന്ന സാഹചര്യത്തിലും ടീമിന്റെ ഭാഗമായി ഇനിയും മുന്നോട്ട് പോകാനുള്ളതിനാലും പരസ്യമായി ബിസിസി ഐയെ വെല്ലുവിളിക്കാന്‍ കോലി തയ്യാറായേക്കില്ല.
അതുകൊണ്ട് തന്നെ കോലി തന്നോട് ആലോചിച്ചെടുത്ത തീരുമാനമാണെന്ന നിലപാടിലേക്കെത്താനാണ് സാധ്യത. അല്ലാത്ത പക്ഷം സൗരവ് ഗാംഗുലിയും ജയ് ഷായും ഭരിക്കുന്ന ബിസിസി ഐ കോലിക്കെതിരേ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. പഴയ പിന്തുണ ഇന്ന് കോലിക്ക് ലഭിക്കാത്തതിനാല്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കേണ്ടത് കോലിയുടെ ആവിശ്യമാണെന്ന് പറയാം. കാരണം സമീപകാലത്തായി ബാറ്റിങ്ങിലും ശോഭിക്കാന്‍ കോലിക്കായിട്ടില്ല.
രണ്ടാമത്തെ കാര്യം രോഹിത് ശര്‍മയുമായുള്ള അഭിപ്രായ ഭിന്നതയാണ്. ഏറെ നാളുകളായി സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവമാണിത്. രോഹിത് ശര്‍മ സമീപകാലത്തായി എല്ലാത്തരത്തിലും വലിയ വളര്‍ച്ച കൈവരിച്ചുകഴിഞ്ഞു. ബാറ്റ്‌സ്മാനെന്ന നിലയില്‍ സമീപകാലത്തായി ഗംഭീര പ്രകടനമാണ് രോഹിത് നടത്തുന്നത്. കോലി നിരാശപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കോലിയെ മറികടന്ന് രോഹിത് നായകസ്ഥാനത്തേക്കുയരുന്നു. ഇതില്‍ കോലിക്ക് അതൃപ്തിയുണ്ടോയെന്നതാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
ഈ ചോദ്യത്തെയും തന്ത്രപരമായിത്തന്നെ കോലി നേരിട്ടേക്കും. കാരണം ഇനിയും കളി തുടരാനുള്ളതിനാല്‍ രോഹിത്തിനെയും ബിസിസി ഐയേയും പിണക്കുന്നത് കോലിക്ക് തന്നെ തിരിച്ചടിയായി മാറാനാണ് സാധ്യത. അത് കോലിക്കും വ്യക്തമായി അറിയാവുന്നതിനാല്‍ത്തന്നെ പരസ്യമായി വിവാദത്തിലേക്ക് പോയേക്കില്ല.
മൂന്നാമത്തെ കാര്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കുമോയെന്നതാണ്. രോഹിത്തിന് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഏകദിന പരമ്പരയില്‍ നിന്ന് കോലി വിട്ടുനില്‍ക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതില്‍ കോലിയുടെ വിശദീകരണം അറിയേണ്ടതായുണ്ട്. കോലി വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി ഇടവേളയെടുക്കാന്‍ സാധ്യതയുണ്ടെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയില്ലെന്ന കാര്യം ഉറപ്പാണ്.