സിഡ്‌നി: സ്വന്തം നാട്ടില്‍ സ്ഥലവും സമയവും ഇല്ലാഞ്ഞിട്ടാണോ ഇവര്‍ അങ്ങ് ഓസ്‌ട്രേലിയയില്‍ പോലി തല്ല് കൂടിയത് എന്ന് തോന്നിപ്പോകും. നമ്മുടെ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിയുടേയും ശിഖര്‍ ധവാന്റേയും കാര്യമാണ് പറഞ്ഞത്.
നാട്ടില്‍ ടെന്നീസ് പന്തുകൊണ്ട് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ പോലെയാണത്രെ രണ്ട് പേരും ഡ്രസ്സിങ് റൂമില്‍ തര്‍ക്കിച്ച് നിന്നത്. എന്തായാലും ഭാഗ്യത്തിന് അടിപിടി ഒന്നും ഉണ്ടായില്ല.

ഓസ്‌ട്രേലിയക്കെതിരെയുളള രണ്ടാം ടെസ്റ്റിനിടെയായിരുന്നു താരത്തര്‍ക്കം. ടീമില്‍ ഇത്തിരി കശപിശയുള്ള കാര്യം കളി തോറ്റതിന് ശേഷം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തു.
ശിഖര്‍ ധവാന് പരിശീലനത്തിനിടെ പരിക്കേറ്റതും, രണ്ടാം ടെസ്റ്റില്‍ കളിക്കാനിറങ്ങാതിരുന്നതും ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമത്രെ. ധവാന്‍ പരിക്കിന്റെ പേരില്‍ കയറി ഇരുന്നപ്പോള്‍ ബാറ്റിങിന് നറുക്ക് വീണത് കോലിക്കായിരുന്നു. രണ്ടും കല്‍പിച്ച് കളിക്കാനിറങ്ങിയ കോലി ഒരു റണ്ണിന് പുറത്താവുകയും ചെയ്തു.
ഇതിന്റെ ദേഷ്യം കോലി തീര്‍ത്തത് ഡ്രസ്സിങ് റൂമിലെത്തി ശിഖര്‍ ധവാനെ ചീത്ത വിളിച്ചതുകൊണ്ടായിരുന്നത്രെ. ധവാനും ചുട്ട മറുപടികള്‍ കോലിക്ക് കൊടുത്തു എന്നാണ് വിവരം. ഒടുവില്‍ രവിശാസ്ത്രി ഇടപെട്ടിടാണത്രെ തര്‍ക്കം തീര്‍ത്തത്.