ദില്ലി: ഇംഗ്ലീഷ് കൗണ്ടിയില്‍ അരങ്ങേറ്റം കുറക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തയ്യാറെടുക്കുന്നു. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയാണ് വിരാട് കോലി കൗണ്ടിയില്‍ കളിക്കാനൊരുങ്ങുന്നത്. കോലി കൗണ്ടിയില്‍ കളിക്കുന്ന കാര്യം ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഏതു ടീമിനുവേണ്ടിയാണ് കളിക്കുകയെന്നത് വ്യക്തമാക്കിയില്ല.
വിരാട് കോലി കൗണ്ടിയില്‍ കളിക്കുമെന്നതുറപ്പാണ്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനാകില്ല. സറെ, എസ്സെക്‌സ് ടീമുകളുമായി സംസാരിക്കുകയാണ്. ഏതു ടീമിനുവേണ്ടിയാണ് കളിക്കുകയെന്നകാര്യത്തില്‍ വ്യക്തയായിട്ടില്ലെന്നും ബിസിസിഐ അധികൃതര്‍ പറഞ്ഞു.

വിദേശ പിച്ചുകളില്‍ മികവുകാട്ടാന്‍ കഴിയുന്നില്ലെന്ന പേരുദോഷത്തിന് കോലി ദക്ഷിണാഫ്രിക്കയില്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍, ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കോലിക്ക് കളിക്കാനാകില്ലെന്ന് മുന്‍ കളിക്കാര്‍ വിമര്‍ശിക്കുകയുണ്ടായി. ഇതേതുടര്‍ന്ന്, പിച്ചുമായും കാലാവസ്ഥയുമായും പൊരുത്തപ്പെടാനാണ് കോലി ഇംഗ്ലണ്ടിലെത്തുന്നത്.
2014ല്‍ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ കോലിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഒറ്റ ഇന്നിങ്‌സില്‍പോലും അര്‍ദ്ധസെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ലെന്നത് നാണക്കേടാവുകയും ചെയ്തു. ഓഗസ്ത് സപ്തംബര്‍ മാസങ്ങളിലായി അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ടില്‍ നടക്കുക. ഇക്കുറി പരമ്പര നേടുമെന്നുറപ്പിക്കാന്‍ വന്‍ സന്നാഹത്തോടെയാണ് ഇന്ത്യയുടെ പുറപ്പാട്.