സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ധോണി അപ്രതീക്ഷിതമായി വിരമിച്ച സംഭവത്തില്‍ പുതിയ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചു. ഒരു കുടുംബത്തെപ്പോലെ ഒപ്പമുണ്ടായിട്ടും ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഒരു സൂചനയും ഉണ്ടായില്ലെന്നും അതുകൊണ്ടുതന്നെ ക്യാപ്്റ്റന്റെ വിരമിക്കല്‍ തന്നെ ഞെട്ടിച്ചെന്നും കോലി പ്രതികരിച്ചു.
ധോണിയുടെ വിരമിക്കല്‍ ടീമിനെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘോതമായിരുന്നു. ഗ്രൗണ്ടിലും ഡ്രസ്സിങ് റൂമിലും ധോണി അനുകരണീയ മാതൃകയായിരുന്നെന്ന് കോലി വിലയിരുത്തി. ധോണിയില്‍ നിന്നും പല കാര്യങ്ങളും തങ്ങള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞു. ഗ്രൗണ്ടില്‍ ധോണിയുടെ തന്ത്രങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നെന്നും കോലി പറഞ്ഞു.

ധോണിയുടെ വിരമിക്കല്‍ തീരുമാനം നേരത്തെയായിരുന്നെന്നാണ് തന്റെ അഭിപ്രായം. ധോണിയെ പോലെ ശാന്തനായ ക്യാപ്റ്റനാകാനാണ് ആഗ്രഹം. എന്നാലും, ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ശൈലിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നാലാം ടെസ്റ്റില്‍ ജയിക്കുക തന്നെയാണ് പ്രധാനം. ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ധോണി ഗ്യാലറിയിലുണ്ടാകുമെന്നും കോലി പറഞ്ഞു.
ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റിനു ശേഷമായിരുന്നു ധോണി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. 2008ല്‍ ഇന്ത്യന്‍ ക്യാപ്റ്റനായി സ്ഥാനമേറ്റെടുത്ത ധോണി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനെന്ന പേരുമായാണ് വിരമിക്കുന്നത്. ക്യാപ്റ്റനായിരുന്ന കാലയളവില്‍ ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാന്‍ ധോണിക്ക് കഴിഞ്ഞത് മുതിര്‍ന്ന താരങ്ങളുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ഏകദിന ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ധോണി തുടരും.