ബെംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചപ്പോള്‍ താന്‍ കരഞ്ഞുപോയി എന്ന് സൂപ്പര്‍ താരം വിരാട് കോലി. 2014 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന പരമ്പരയ്ക്ക് ഇടയില്‍ വെച്ചാണ് ധോണി വിരമിച്ചത്. മൂന്നാമത്തെ ടെസ്റ്റ് തോറ്റതിന് ശേഷം അപ്രതീക്ഷിതമായി ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ അവസാനദിവസമായ ഡിസംബര്‍ 30 നാണ് ധോണി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ധോണി വിരമിച്ചതിനെ തുടര്‍ന്ന് വൃദ്ധിമാന്‍ സാഹയാണ് നാലാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി കളിച്ചത്. ധോണി വിരമിക്കുമ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു കോലി. സ്വാഭാവികമായും അടുത്ത ക്യാപ്റ്റനും കോലി തന്നെയായി.

എം എസ് ധോണിയുടെ തീരുമാനം അറിഞ്ഞതും താനും മറ്റ് കളിക്കാരും ഞെട്ടിപ്പോയി എന്ന് കോലി പറയുന്നു. ധോണിയുടെ കീഴിലാണ് തങ്ങള്‍ ഇത്രയും കാലം കളിച്ചത്. ഒട്ടേറെ യുവ കളിക്കാരെ ധോണി വളര്‍ത്തിയെടുത്തു. എല്ലാവര്‍ക്കും അവസരങ്ങള്‍ കൊടുത്തു. ഇപ്പോഴിതാ ടെസ്റ്റ് ക്യാപ്റ്റന്‍സി വേണ്ടെന്ന് വെച്ചിരിക്കുന്നു - ഒരു അഭിമുഖത്തില്‍ കോലി പറഞ്ഞു.
സത്യം പറയട്ടെ, ടെസ്റ്റില്‍ താന്‍ ഇന്ത്യയെ നയിക്കാന്‍ പോകുന്നു എന്ന കാര്യം വിശ്വസിക്കാനേ പറ്റിയില്ല. കുറച്ച് സമയത്തിന് ശേഷം താന്‍ മുറിയിലേക്ക് ചെന്നു. അനുഷ്‌ക അവിടെയുണ്ടായിരുന്നു. അവളോട് താന്‍ കാര്യം പറഞ്ഞു. പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്നായിരുന്നു അനുഷ്‌കയുടെയും പ്രതികരണം. താന്‍ ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ പോകുന്നു. ഒന്നും രണ്ടും കളിയിലല്ല. സ്ഥിരമായി. അതോര്‍ത്താണ് ഞാന്‍ കരഞ്ഞുപോയത്.