ദില്ലി: ഐപിഎല്‍ ടൂര്‍ണമെന്റ് അടുത്തിരിക്കെ പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനാകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി തന്റെ വളര്‍ത്തുനായയ്‌ക്കൊപ്പം ട്രെയിനിങ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കോലി ട്രെയിനിങ് നടത്തുമ്പോള്‍ നായ അരികിലിരുന്ന് വീക്ഷിക്കുന്ന വീഡിയോ കോലി തന്നെയാണ് പുറത്തുവിട്ടത്.
തന്റെ അടുത്ത സുഹൃത്താണ് നായയെന്നും താന്‍ ഇവയെ അതിയായി സ്‌നേഹിക്കുന്നതെന്തുകൊണ്ടാണെന്ന് വീഡിയോ കണ്ടാല്‍ മനസിലാകുമെന്നും കോലി പറയുന്നുണ്ട്. തന്റെ ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തുണയ്ക്കുന്നത് തുടരണമെന്ന് കോലി ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

ചുമലില്‍ പരിക്കേറ്റ കോലിക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. ബിസിസിഐ ഫിസിയോയുടെ പരിശോധനയ്ക്കുശേഷം മാത്രമേ കോലി ഐപിഎല്ലില്‍ തുടര്‍ന്ന് കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ഞായറാഴ്ച കോലി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പരിശീലനത്തിനൊപ്പം കളിക്കാരുമായി സൗഹൃദങ്ങള്‍ പുതുക്കുന്ന തിരക്കിലാണ് കോലി.
കോലിക്കൊപ്പം പ്രധാന ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിനും പരിക്കാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റത്. രാഹുല്‍ ചികിത്സയ്ക്കായി വിദേശത്തേക്കു പോകുന്നതിനാല്‍ ഐപിഎല്‍ 2017 സീസണ്‍ പൂര്‍ണമായും നഷ്ടമായേക്കും.